കേരളത്തിലെ സിപിഎം–കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാണിക്കുമെന്ന് മമത ബാനർജി പറഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് കേരളത്തിലെ 70 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ആണ് പത്രസമ്മേളനത്തിൽ പട്ടിക പ്രഖ്യാപിച്ചത്. പാർട്ടി 140 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്നും രണ്ടാം ഘട്ട പട്ടിക മമതയുടെ അംഗീകാരത്തിന് ശേഷം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിലിൽ മമത ബാനർജി കേരളത്തില്‍ മൂന്നു റാലികളിൽ പങ്കെടുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാകും റാലികൾ. പാർട്ടിക്ക് കേരളത്തിൽ രണ്ടു ലക്ഷം അണികൾ ഉണ്ടെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. 40 മണ്ഡലങ്ങളിലെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ ശക്തി പ്രകടിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ്–സിപിഎം അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാണിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഇന്നലെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ സന്ദർശനം നടത്തുമെന്നും എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ കോൺഗ്രസും സിപിഎമ്മും മണ്ടൻമാരാക്കുന്നതെന്ന് തുറന്നു പറയുമെന്നും മമത വ്യക്തമാക്കി. ഒരിടത്ത് കോൺഗ്രസും സിപിഎമ്മും തമ്മിൽ സഖ്യമുണ്ടെങ്കിൽ അത് രാജ്യത്ത് എല്ലായിടത്തുമുണ്ടാകുമെന്നും അവർ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here