സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സിഡ്കോയുടെ മറവിലെത്തിയ സ്വകാര്യ പ്രസിനെ ഏൽപ്പിച്ചു സർക്കാർ ഉത്തരവിട്ടു. പൊതുമേഖലാ സ്ഥാപനങ്ങളായ സി ആപ്റ്റ്, കെ.ബി.പി.എസ് എന്നിവരെ ഒഴിവാക്കിയാണ് നികുതി വകുപ്പിന്റെ നടപടി. അതേസമയം, സ്വകാര്യ പ്രസിനെ അച്ചടി ഏൽപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കെ.ബി.പി.എസ്…എം.ഡി ടോമിൻ തച്ചങ്കരി സർക്കാരിന് കത്ത് നൽകി.

തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന കഴിഞ്ഞ നാലിനാണ് അഡീഷനൽ ചീഫ് സെക്രട്ടറി ഡബ്ളിയു. ആർ.റെഡ്ഡി ലോട്ടറി അച്ചടി മൺവിളയിലെ സോളർ ഹൈടെക്ക് പ്രസിന് നൽകി ഉത്തരവിറക്കിയത്.

പൊതുമേഖലാ സ്ഥാപനമായ സിഡ്കോയുടെ മറവിലാണ് സ്വകാര്യ പ്രസിന് അനുമതി ലഭിച്ചത്. സിഡ്കോ സ്വകാര്യ പ്രസുമായി ചേർന്നു കേരള സിഡ്കോ ഹൈടെക്ക് സെക്യൂരിറ്റി പ്രിന്റിങ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതായി ഉത്തരവിൽ പറയുന്നു. എന്നാൽ, സിഡ്കോയ്ക്കു സ്വന്തമായി ലോട്ടറി ടിക്കറ്റ് അച്ചടിക്കാനുള്ള അതിസുരക്ഷാ പ്രസ് ഇല്ല. അതായത് അച്ചടി സ്വകാര്യ പ്രസിൽ തോന്നുംപടി നടക്കുമെന്ന് വ്യക്തം. ഇപ്പോൾ ടിക്കറ്റ് അച്ചടിക്കുന്ന സിആപ്റ്റും കെബിപിഎസും സമയത്ത് ടിക്കറ്റ് അച്ചടിച്ചു നൽകുന്നില്ലെന്നും സർക്കാർ ഉത്തരവിൽ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ കെബിപിഎസ് എംഡി ടോമിൻ തച്ചങ്കരി ഇക്കാര്യം നിഷേധിച്ചു.

ലോട്ടറി ടിക്കറ്റ് അച്ചടി സർക്കാർ പ്രസിലോ അതിസുരക്ഷാ പ്രസിലോ മാത്രമേ പാടുള്ളുവെന്നും സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിക്കാൻ പാടില്ലെന്നും 2005ലെ കേരള പേപ്പർ ലോട്ടറി(നിയന്ത്രണ) നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ,, ലോട്ടറി ഡയറക്ടർ സ്വകാര്യ പ്രസ് പരിശോധിച്ചു അവിടെ ടിക്കറ്റ് അച്ചടിക്കാമെന്നു റിപ്പോർട്ട് നൽകുകയായിരുന്നു. അതേസമയം, സ്വകാര്യ പ്രസിനെ ലോട്ടറി അച്ചടി ഏൽപ്പിച്ചതു നിയമ വിരുദ്ധമാണെന്നും ഉടൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെബിപിഎസ് എംഡി ടോമിൻ തച്ചങ്കരി സർക്കാരിന് കത്ത് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here