വിവിധ ലോകരാജ്യങ്ങളില്‍ കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) പടരുന്ന സാഹചര്യത്തില്‍ കേരളം ജാഗ്രത ശക്തമാക്കുന്നു. നിലവില്‍ അല്‍പം അയഞ്ഞ നിലയിലുള്ള ക്വാറന്റൈന്‍ സംവിധാനം കൂടുതല്‍ കര്‍ശനമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ പോകണമെന്നത് നിര്‍ബന്ധമാക്കും.

അതെസമയം ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി. എയര്‍പോര്‍ട്ടുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവര്‍ കോവിഡ് പൊസിറ്റീവായാല്‍ അവരുടെ സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിന് അയയ്‌ക്കേണ്ടതുണ്ടെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. പുതിയ കോവിഡ് വകഭേദമാണോ അവരെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനാണിത്.

അതെസമയം കേരളത്തില്‍ നിന്ന് തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 16 ദിവസം മുമ്പു വരെ വന്ന വിദ്യാര്‍ത്ഥികളെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. ആര്‍ടിപിസിആര്‍ ഫലം ലഭിച്ചതിനു ശേഷം ഏഴു ദിവസം കഴിഞ്ഞാല്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാകണം. തങ്ങളുടെ എല്ലാ സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കര്‍ക്കശമാക്കാനാണ് കര്‍ണാടകത്തിന്റെ തീരുമാനം.

കോവിഡ് ഏറ്റവും മോശമായ രീതിയില്‍ ബാധിച്ച മഹാരാഷ്ട്രയുടെയും, ഇപ്പോഴും താരതമ്യേന ഉയര്‍ന്ന കോവിഡ് കണക്കുകളുള്ള കേരളത്തിന്റെയും അതിര്‍ത്തികളില്‍ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. അതിനിടെ, രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്

 

 

LEAVE A REPLY

Please enter your comment!
Please enter your name here