ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് പകൽ സമയം മാത്രം വെള്ളം ഒഴുക്കികളയണമെന്നും രാത്രി ഷട്ടർ തുറക്കുന്നത് ബുദ്ധിമുട്ടാണെന്നും തമിഴ്നാടിനെ അറിയിച്ചെന്ന് സംസ്ഥാന ജലവവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന അവസ്ഥയാണെന്നും നിലവിലെ സ്ഥിതി നേരിടാൻ ആർ ഡി ഒ, പീരുമേട് ഡി വൈ എസ് പി, ഫയ‌ർഫോഴ്സ് എന്നീ സംവിധാനങ്ങൾ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. തമിഴ്നാട് ഇതു വരെ ഒൻപത് ഷട്ടറുകൾ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റർ വെള്ളമാണ് ഓരോ സെക്കൻഡ‌ിലും ഡാമിൽ നിന്ന് ഒഴുക്കികളയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയെത്തിയത്. ഇതിനെതുടർന്ന് കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് വൻ തോതിൽ ഡാമിൽ നിന്ന് വെള്ളം തുറന്നു വിട്ടിരുന്നു. ഡാമിലെ വെള്ളം എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് രണ്ട് അടിയോളം ഉയരുകയും മഞ്ചുമല ആറ്റോരം ഭാഗത്തുള്ള അഞ്ചോളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു. നീരൊഴുക്ക് കുറഞ്ഞതോടെ തമിഴ്നാട് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് പെരിയാറിലെ ജലനിരപ്പ് കുറഞ്ഞത്.

അതേസമയം ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലം എത്തിയാലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കാര്യമായി ഉയരില്ലെന്ന് അധികൃതർ പറഞ്ഞു. നിലവിൽ 2400.44 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here