കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിൻറെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് സഭയുടെ അനുമതി തേടുമെന്ന് ഭാര്യ ഉമ തോമസ്. ചിതാഭസ്മത്തിൻറെ ഒരു ഭാഗം തിരുനെല്ലിയിലും ഗംഗയിലും ഒഴുക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും ഉമ പറഞ്ഞു. പാർട്ടിയും സർക്കാരും എല്ലാവരും കൂടെ നിന്നു. ഒരു രാജാവിനെ പോലെ ആണ് പിടിയെ തിരിച്ചയച്ചതെന്ന് പറഞ്ഞ ഉമ തോമസ്, അവസാനം വരെ പി ടിയോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു

ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കേണ്ടതിന് സഭയുടെ അനുമതി വേണം. ഇതിനായി ശ്രമിക്കുന്നുണ്ട്. സഭ അനുവദിക്കുമെന്നാണ് കരുതുന്നത്. ചിതാഭസ്മത്തിൽ ഒരു ഭാഗം തിരുനെല്ലിയിൽ ഒഴുക്കണമെന്ന് പി ടി ആഗ്രഹിച്ചിരുന്നു. ഗംഗയിൽ ഒഴുക്കണം എന്ന് തനിക്കും ആഗ്രഹമുണ്ട്. ഇതെല്ലാം മക്കളോടും പി ടിയുടെയും തന്റെയും സഹോദരങ്ങളോടും ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ഭാര്യ ഉമ്മ തോമസ് പറഞ്ഞു. രാവിലെ പിടിയുടെ മക്കളും സഹോദരങ്ങളും എറണാകുളം രവിപുരം ശ്മശാനത്തിലെത്തി ചിതാഭസ്മം ഏറ്റുവാങ്ങി.



ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അന്ത്യാഭിവാദനം ഏറ്റുവാങ്ങിയാണ് പി ടി തോമസ് മടങ്ങിയത്. പൊതുദർശനവും സംസ്‌കാരചടങ്ങുകളും പി ടിയുടെ ആഗ്രഹം പോലെ തന്നെ നടന്നു. കുടുംബാംഗങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ചിതാഭസ്മത്തിൻറെ ഒരു ഭാഗം അമ്മയുടെ കല്ലറയ്ക്കുള്ളിൽ അടക്കം ചെയ്യണമെന്ന് പി ടി പറഞ്ഞ് വെച്ചിരുന്നു. പി ടിയുടെ ജന്മനാടായ ഉപ്പുതോടിലെ സെൻറ് ജോസഫ്‌സ്  പള്ളിയിലുള്ള അമ്മ അന്നമ്മയുടെ കല്ലറയിൽ വരും ദിവസം തന്നെ ചിതാഭസ്മം അടക്കം ചെയ്യും. ഇതിനൊപ്പം തിരുനെല്ലിയിലും ഗംഗയിലും ചിതാഭസ്മം നിമജ്ജനം ചെയ്യും.  

പി ടിയുടെ സഹോദരൻ പി ടി ജോർജ്ജും, മക്കളായ വിഷ്ണുവും വിവേകും ഭാര്യ ഉമയുടെ സഹോദരൻ ഗിരിയുമാണ് ശ്മശാനത്തിൽ നിന്നും ചിതാഭസ്മം ഏറ്റുവാങ്ങിയത്. കൊച്ചിയിലെ വീട്ടിൽ  പി ടിക്കായി ഒരു സ്മാരം വേണമെന്ന ആഗ്രഹവും കുടുംബത്തിനുണ്ട്. ഇതിനായി കണ്ട് ചിതാഭസ്മത്തിൻറെ ഒരു ഭാഗം കൂടി വീട്ടിൽ തന്നെ സൂക്ഷിക്കും. മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെയായിരുന്നു രവിപുരം ശ്മശാനത്തിൽ പി ടിയുടെ സംസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here