രണ്ട് ലക്ഷം രൂപ ഡിപോസിറ്റ് നൽകാത്ത ബിടെക് വിദ്യാർഥികളുടെ പരീക്ഷാഫലവും അടുത്ത സെമസ്റ്ററിലേക്കുള്ള പ്രവേശനവും തടയുമെന്ന് വെറ്ററിനറി സർവകലാശാലയുടെ ഭീഷണി. പൊതുപ്രവേശന പരീക്ഷയിലൂടെ സർക്കാർ നേരിട്ട് നടത്തുന്ന കോഴ്സിലാണ് സർവകലാശാല അനധികൃത ക്യാപിറ്റേഷൻ ഫീസ് വാങ്ങുന്നത്.അതേസമയം ഇത്തരത്തിൽ ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രവേശപരീക്ഷാ കമ്മിഷണർ അറിയിച്ചു.

രണ്ട് ലക്ഷം രൂപ സെക്യൂരിറ്റി ഫീസ് എന്ന നിലയിലാണ് ബിടെക് ഡയറി സയൻസ് വിദ്യാർത്ഥികളിൽ നിന്ന് വെറ്ററിനറി സർവകലാശാല ഈടാക്കുന്നത്. നിലനിൽക്കുന്ന എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് പൊതു പ്രവേശന പരീക്ഷവഴി നടത്തുന്ന കോഴ്സിലേക്ക് സ്വാശ്രകോളജുകളെപോലും തോൽപ്പിക്കുന്ന രീതിയിലുള്ള ഫീസ്. ഇതിനെതിരെ വിദ്യാർഥികൾകോടതിയെ സമീപിച്ചിരിക്കെയാണ് , സർവകലാശാലയുടെ പുതിയ ഭീഷണി. ആദ്യസെമസ്റ്റർ അവസാനിക്കുമ്പോൾ ഫീസ് നൽകാത്തവരുടെ പരീക്ഷാഫലം പിടിച്ചുവെക്കും, രണ്ടാം സെമസ്റ്ററിലേക്കുള്ള രജിസ്ട്രേഷൻ നൽകില്ല എന്നാണ് വിദ്യാർഥികളെ സർക്കുലറിലൂടെ അറിയിച്ചത്.

എന്നാൽ പ്രോസ്പെക്ടസിലോ, പരീക്ഷാ സമയത്തോ വെളിപ്പെടുത്താത്ത ഫീസ് ഇനി ഈടാക്കാനാവില്ല എന്നതാണ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ നിലപാട്. സ്വാശ്രയമല്ലാത്ത കോഴ്സിനെ പൊടുന്നനെ സ്വാശ്രയമാക്കിയതിന് പുറമെ വിദ്യാർഥിളെ ഭീഷണിപെടുത്താൻ കൂടിയാണ് വെറ്ററിനറി സർവകലാശാലയുടെ ശ്രമം. ബോർഡ് ഒഫ് മാനേജ്മെന്റിൽ അധ്യാപക പ്രതിനിധികൾ ഇതിനെതിരെ കടുത്ത എതിർപ്പ് പ്രകടിപ്പികകകുകയും ചെയ്തു. മുൻ വൈസ്ചാൻസലർ ഡോ.ബി.അശോകിന്റെ ഭരണകാലത്താണ് സർവകലാശാല കേട്ടുകേൾവിയല്ലാത്തഫീസ് ഏർപ്പെടുത്തിയത്. ഇപ്പോഴാകട്ടെ മൃഗസംരക്ഷണ വകുപ്പ് അഡിഷണല്‍‍ ചീഫ് സെക്രട്ടറി സർവകലാശാലയുടെ വൈസ്ചാൻസലറായിരിക്കുമ്പോൾ സർക്കാർ നയത്തിനെതിരായുള്ള നീക്കം കൂടുതൽ ശക്തമായി നടക്കുന്നു എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here