തിരുവനന്തപുരം: ഭാവനശേഷിക്ക് പരിമിതികളില്ലെന്ന് തെളിയിക്കുന്ന നിരവധി വിസ്മയ ചിത്രങ്ങളുമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ ‘ഫ്രെയിം’ ത്രിദ്വിന ചിത്രപ്രദര്‍ശനത്തിന് റഷ്യന്‍ ഹൗസില്‍ തുടക്കമായി. തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും റഷ്യന്‍ ഹൗസും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ സ്വതസിദ്ധമായ ചിത്രരചനാപാടവംകൊണ്ട് സൃഷ്ടിച്ചെടുത്ത മേന്മയേറിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. നിറങ്ങളുടെ സവിശേഷതകൊണ്ടും പക്വതയേറിയ  ആവിഷ്‌ക്കാര ശൈലികൊണ്ടും ഒന്നിനൊന്ന് മെച്ചമാവുകയാണ് ഓരോ ചിത്രവും. ഓട്ടിസം, സെറിബ്രല്‍പാഴ്‌സി, ഡൗണ്‍ സിന്‍ഡ്രോം, ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള കുട്ടികളാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍.

ചിത്രപ്രദര്‍ശനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഭാവനശേഷി ഏവരെയും അമ്പരപ്പിക്കുന്നതാണെന്ന് തെളിയിക്കുകയാണ് ഈ ചിത്ര സൃഷ്ടികളിലൂടെയെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജീവന്‍ തുളുമ്പുന്ന ഈ ചിത്രങ്ങള്‍ക്ക് പൊതുസമൂഹത്തോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. കുട്ടികളുടെ ഭാവനശേഷിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ഡിഫറന്റ് ആര്‍ട് സെന്റര്‍ നല്‍കുന്നുണ്ടെന്നും അതിന്റെ ഫലമാണ് ഈ പെയിന്റിംഗ് എക്‌സിബിഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കുട്ടികള്‍ക്കായി തത്സമയം ചിത്രം വരച്ചാണ് ആര്‍ട്ടിസ്റ്റ് ബി.ഡി ദത്തന്‍ ചടങ്ങിന് സവിശേഷ സാന്നിദ്ധ്യമായത്. റഷ്യന്‍ ഹൗസ് ഡയറക്ടര്‍ രതീഷ്.സി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും മാനേജര്‍ സുനില്‍ രാജ് സി.കെ നന്ദിയും പറഞ്ഞു.  രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച സമാപിക്കും. പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. പ്രദര്‍ശനത്തോടനുബന്ധിച്ച് ചിത്രങ്ങളുടെ വില്‍പ്പനയും ക്രമീകരിച്ചിട്ടുണ്ട്.

Thanking you

LEAVE A REPLY

Please enter your comment!
Please enter your name here