തൃശൂർ കേരളവർമ്മ കോളജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നത് കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാനാണ് കെ എസ് യു മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നതെന്നും അവർ ആരോപിച്ചു.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും റിട്ടേണിംഗ് ഓഫീസർക്കാണ്. അപാകതകൾ ഉണ്ടെങ്കിൽ സർവ്വകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമാപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്. ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രിൻസിപ്പൽ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അദ്ധ്യാപികയോടെങ്കിലും അവർക്ക് കാര്യങ്ങൾ അന്വേഷിക്കാമായിരുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. വകുപ്പുമന്ത്രി വിഷയത്തിൽ ഇടപെട്ടെന്ന് ആരോപിക്കുന്നവർ തെളിവ് നൽകാനും മന്ത്രി ആവശ്യപ്പെട്ടു. കോളജ് കവാടത്തിനു മുന്നിൽ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ തുടങ്ങിയ നിരാഹാരം നിർത്തിയത് എന്ത് കൊണ്ടാണെന്നും മന്ത്രി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here