കോഴിക്കോട് പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനെ തിരിച്ചറിയുന്നതിൽ നിർണായകമായത് വസ്ത്രത്തിലെ നിറവ്യതാസം. കൊലപാതകത്തിനു മുൻപും ശേഷമുള്ള രണ്ടുസിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. പ്രതിയെ കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.   അനുവിനെ കൊലചെയ്യുന്നതിന് മുൻപ് അലിയോറതാഴ ഭാഗത്തേക്ക് മുജീബ് റഹ്മാൻ പോകുമ്പോൾ ധരിച്ചിരുന്ന പാന്റ് മടക്കിയ നിലയിലായിരുന്നു.  15 മിനിറ്റിനുള്ളിൽ കൃത്യം നടത്തി ഇയാൾ തിരിച്ചുപോകുമ്പോൾ മടക്കഴിഞ്ഞു. പാന്റ് നനഞ്ഞതിന്റെ നിറവ്യത്യാസവും സിസിടിവി ദൃശ്യത്തിൽ വ്യക്തമായി. ഇതാണ് പ്രതി ബൈക്കിൽ സഞ്ചരിച്ചയാൾ തന്നെയാണെന്ന്  ഉറപ്പിക്കാൻ കാരണമായ നിർണായക തെളിവായതും വൈകാതെ പൊലീസ് മുജീബ് റഹ്മാനിലേക്കെത്തിയതും.

മുജീബിനെതേടി പൊലീസ് കൊണ്ടോട്ടിയിലെ വീട്ടിലെത്തിയപ്പോൾ ഭാര്യ മുജീബ് കൃത്യം നടത്തിയ സമയത്തുധരിച്ച ഈ വസ്ത്രങ്ങൾ കത്തിക്കാനും ശ്രമിച്ചു.  ഇത് തടഞ്ഞാണ് പൊലീസ് ഇവ കസ്റ്റഡിയിലെടുത്തത്.  റിമാൻഡിലായിരുന്ന പ്രതിയെ പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകം നടന്ന തോട്ടിലും ബൈക്ക്  മോഷ്ടിച്ച കണ്ണൂർ  മട്ടന്നൂരിലും സ്വർണം വിറ്റ കൊണ്ടോട്ടിയിലും മുജീബുമായി തെളിവെടുപ്പു നടത്തും.  പ്രതി കവർച്ചചെയ്ത് സ്വർണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് അറിയിച്ചു.  കൂടുതൽ ചോദ്യംചെയ്യലിനും വിധേയമാക്കും. പ്രതിക്ക് നിയമസഹായം നൽകാൻ കോടതി അഭിഭാഷകനെ ചുമതലപ്പെടുത്തി. 

2000ല്‍ പരപ്പനങ്ങാടി ചെട്ടിപ്പടിയിയിൽ സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ജ്വല്ലറി ഉടമ ഗണപതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലും മുജീബ് റഹ്മാൻ പ്രതിയാണ്. കൊലക്കുശേഷം രക്ഷപ്പെട്ട മുജീബിനെ  സേലത്തുനിന്നാണ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here