കോഴിക്കോട്: പിതൃസഹോദരന്റെ മകളുടെ മിന്നുകെട്ടിന് പങ്കെടുക്കാന്‍ യുകെയില്‍ നിന്നും നാട്ടിലെത്തിയ മലയാളി യുവതി ഡോണിയ ബിനു സെബാസ്റ്റിയന്‍(18) പിതൃസഹോദരന്റെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ചു.ലങ്കാഷെയറിലെ ബ്ലാക്ക്‌ബേണിലാണ് ഡോണിയ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ബ്ലാക്ക്‌ബേണിലെ മലയാളികളായ ബിനു സെബാസ്റ്റിയന്‍ റിസ്‌നി സെബാസ്റ്റിയന്‍ ദമ്പതികളുടെ മകളാണ് ഡോണിയ. കോഴിക്കോട് മെഡിക്കല്‍ കോളജ് മൈതാനത്തിന് അടുത്തുള്ള പിതൃസഹോദരന്‍ കോതമ്പനാനി ഹൗസില്‍ പൂന്തുരുത്തി പറമ്പില്‍ ജോസ് സെബാസ്റ്റിയന്റെ ഭവനത്തിലെ മുകള്‍ നിലയിലെ മുറിയിലെ ഫാനിലാണ് ഡോണിയ തൂങ്ങിമരിച്ചിരിക്കുന്നത്.ഇന്നലെ അതിരാവിലെയായിരുന്നു സംഭവം അരങ്ങേറിയത്.

ഇന്നലെ രാവിലെ നാലരയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് വിമാനം കയറാന്‍ ടിക്കറ്റെടുത്ത ഡോണിയ പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തൂങ്ങി മരിച്ചത് കനത്ത ദുരൂഹതയാണുയര്‍ത്തിയിരിക്കുന്നത്.

അച്ഛന്റെ സഹോദരന്റെ മകളുടെ മിന്നുകെട്ട് കൂടാനായി ഏപ്രിലിലായിരുന്നു ഡോണിയ സകുടുംബം കോഴിക്കോട്ടെത്തിയിരുന്നത്. മിന്നുകെട്ട് കഴിഞ്ഞ് ഡോണിയയുടെ അപ്പച്ചനും അമ്മച്ചിയും രണ്ട് കൂടപ്പിറപ്പുകളും ബ്രിട്ടനിലേക്ക് തിരിച്ച് പോയെങ്കിലും ഡോണിയ പിതൃസഹോദരന്റെ വീട്ടില്‍ തന്നെ കുറച്ച് ദിവസം കൂടി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുന്നുവെന്നും അതിനുള്ള കാരണം മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ മനസിലാക്കാമെന്നും അറിയിച്ച് കൊണ്ടുള്ള ഒരു ആത്മഹത്യക്കുറിപ്പ് മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് പ്രസ്തുത മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും വിദഗ്ധ പരിശോധനകള്‍ക്കായി ഫോറന്‍സിക് എക്‌സ്പര്‍ട്ടുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

ഡോണിയയുടെ മരണത്തെ തുടര്‍ന്ന് പോലിസ് ദുരൂഹ സാഹചര്യത്തിലുള്ള മരണമെന്ന രീതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്വേഷണം ത്വരിതഗതിയില്‍ ആരംഭിച്ചുവെന്നും ഇന്‍ക്വസ്റ്റ് പ്രക്രിയകള്‍ മുഴുവനാക്കിയെന്നും മെഡിക്കല്‍ കോളജ് പോലീസ് വെളിപ്പെടുത്തുന്നു. വ്യാഴാഴ്ച വൈകീട്ട് യുകെയില്‍ നിന്നും രക്ഷിതാക്കള്‍ കോഴിക്കോട്ടെത്തുന്നുണ്ട്. അതിന് ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുള്ളൂ. യുകെയിലേക്ക് തിരിച്ച് പോകുന്നതില്‍ പെണ്‍കുട്ടിക്ക് യാതൊരു വിധത്തിലുമുള്ള ദുഖവുമില്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. ഡോണിയയുടെ കുടുംബത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നുവെന്ന് സൂചനയുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകാനായി പിതൃസഹോദരന്‍ ഡോണിയക്കായി കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. കാര്‍ വന്നതിന് ശേഷവും പെണ്‍കുട്ടി ഒരുങ്ങിയിറങ്ങാത്തത് കണ്ട് ബന്ധുക്കള്‍ തുടര്‍ച്ചയായി വിളിച്ചിട്ടും ഡോണിയ വാതില്‍ തുറന്നില്ല. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ ഡോണിയയെ കാണപ്പെടുകയായിരുന്നു. യുകെയില്‍ ബ്ലാക്ക്‌ബോണിലാണ് ഈ പെണ്‍കുട്ടി പഠിച്ചതും വളര്‍ന്നതുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here