കൊച്ചി:ലൈംഗികമായി ചൂഷണം ചെയ്തുവെന്ന സരിത എസ്. നായരുടെ പരാതിയില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ യു.ഡി.എഫ്. നേതൃത്വം അങ്കലാപ്പില്‍. കോണ്‍ഗ്രസിലെ ഒട്ടുമിക്ക നേതാക്കളും ആരോപണനിഴലിലായതോടെ ഇക്കാര്യത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്റെ നിലപാട് നിര്‍ണായകമാകും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കു നേരെയാണു പ്രധാന ആരോപണം. ഇത് യു.ഡി.എഫ്. നേതൃത്വത്തെ കുറച്ചൊന്നുമല്ല കുഴയ്ക്കുന്നത്. സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷം ഒരു പടിമുന്നില്‍നില്‍ക്കുമ്പോഴാണു ഇടിത്തീ പോലെ സരിത വിഷയം വന്നുവീണത്.
സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി തന്റെ പക്കല്‍നിന്നു രണ്ടേകാല്‍കോടി ഉമ്മന്‍ ചാണ്ടി കോഴ കൈപ്പറ്റിയെന്നും തന്നെ ശാരീരികമായി ചൂഷണം ചെയ്തുവെന്നുമാണു സരിതയുടെ പ്രധാന ആരോപണം. ഇക്കാര്യം ക്രൈം ബ്രാഞ്ച് പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നതോടെ യു.ഡി.എഫ് നേതൃത്വത്തിനു ഈ വിഷയം വന്‍ തലവേദനയായിമാറും.

മുന്‍മന്ത്രിസഭയിലെ അംഗങ്ങളില്‍ ഒട്ടുമിക്ക പേരും ഇതിനോടകം ആരോപണ വിധേയരായിക്കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരില്‍നിന്നു തനിക്കു ലഭിക്കാത്ത നീതിയാണു പിണറായി സര്‍ക്കാരില്‍നിന്നു ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നു സരിത എസ്.നായര്‍ പറഞ്ഞു. ലൈംഗികമായി പീഡിപ്പിച്ചതിനുളള കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും. സംസാരിക്കുന്ന രേഖകളാണു തന്റെ പക്കലുളളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ മോശമായ സ്ഥാനമാണു തനിക്കിപ്പോഴുളളതെന്നറിയാം.
പക്ഷേ, വ്യവസായം നടത്താന്‍ വന്ന തന്നെ ഈ നിലയിലെത്തിച്ചത് യു.ഡി.എഫ് നേതാക്കളാണെന്ന കാര്യം തന്നെ കല്ലെറിയുന്നവര്‍ മറക്കരുതെന്നും സരിത ചൂണ്ടിക്കാട്ടി. തന്റെ പരാതിയില്‍ കഴമ്പില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് അന്വേഷിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ മടികാട്ടിയെന്നു സരിത ചോദിക്കുന്നു. സരിതക്കു സാമാന്യനീതി നിഷേധിക്കരുതെന്നു പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സരിത ചതിക്കപ്പെട്ടുവെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here