rupee.jpg.image.784.410

 

തിരുവനന്തപുരം∙ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളം ബാങ്ക് വഴി മാത്രമാണു നൽകുന്നതെന്ന് ഉറപ്പു വരുത്താൻ തൊഴിൽ വകുപ്പു വേതനസുരക്ഷാ പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ, ലാബുകൾ, സ്കാനിങ് സെന്ററുകൾ, വൻകിട ഹോട്ടലുകൾ, സെക്യൂരിറ്റി ഏജൻസികൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധ്യാപക ജീവനക്കാർ, സോഫ്റ്റ്‌വെയർ സ്ഥാപനങ്ങൾ, കടകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരെയാണ് ഇതിന്റെ പരിധിയിൽ കൊണ്ടുവരിക. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം പദ്ധതി.

വേതന സുരക്ഷാ പദ്ധതിക്കായി കെൽട്രോണിന്റെ സഹായത്തോടെ തൊഴിൽവകുപ്പു വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ വഴി തൊഴിലുടമകൾ റജിസ്റ്റർ ചെയ്യുകയും തൊഴിലാളികൾക്കു നൽകേണ്ട വേതനവും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴി അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യണം. പദ്ധതി നടപ്പിലാകുന്നതോടെ, തൊഴിലാളികൾക്ക് അർഹതപ്പെട്ട വേതനം ലഭിക്കുന്നുണ്ടെന്ന് തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർക്കു സ്ഥാപനം പരിശോധിക്കാതെ തന്നെ ഉറപ്പു വരുത്താം. തൊഴിലാളികൾക്ക് അവരുടെ ശമ്പള സ്ലിപ് ആവശ്യാനുസരണം പ്രിന്റ് ചെയ്തെടുക്കാം.

പദ്ധതി നടപ്പാക്കാനായി മിനിമം വേജസ് ചട്ടങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്. പേമെന്റ് ഓഫ് വേജസ് ആക്ട് ഭേദഗതി ചെയ്യാൻ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തതോടെയാണു പദ്ധതി യാഥാർഥ്യമാകാൻ വഴിതെളിഞ്ഞത്.

തൊഴിലുടമ ചെയ്യേണ്ടത്

∙ വേതനസുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന ദേശസാൽകൃത/ ഷെഡ്യൂൾഡ്/ കൊമേഴ്സ്യൽ ബാങ്കുകളിൽ കറന്റ് അക്കൗണ്ട് തുടങ്ങണം.

∙ തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 1960ലെ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യണം

∙ വേതന സുരക്ഷാ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ ആയി ലഭിച്ച റജിസ്ട്രേഷൻ നമ്പർ തന്നെ ആദ്യത്തെ യൂസർ നെയിമായും പാസ്വേർഡായും ലോഗിൻ ചെയ്യണം. യൂസർ നെയിമും പാസ്വേർഡും പിന്നീടു സൗകര്യാർഥം മാറ്റാം.

∙ വേതന സുരക്ഷാ പദ്ധതിയുടെ വെബ്സൈറ്റിലേക്ക് http:/lc.kerala.gov.in എന്നതിൽ നിന്നു പോകാം.

തൊഴിലുടമകളുടെ നേട്ടം

∙ വേജസ് റജിസ്റ്റർ, റജിസ്റ്റർ ഓഫ് ഫൈൻസ്, വേജസ് സ്ലിപ് എന്നിവ സൂക്ഷിക്കേണ്ട

∙ ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള പരിശോധന ഒഴിവാകും

∙ തൊഴിലാളികൾക്കു കൃത്യമായി വേതനം നൽകി സുതാര്യത ഉറപ്പാക്കാം

തൊഴിൽ വകുപ്പിനുള്ള നേട്ടം

∙ മിനിമം വേതനം തൊഴിലാളികൾക്കു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാം

∙ ഓഫിസ് പരിശോധന കൂടാതെ തന്നെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്നു കണ്ടെത്താം.

LEAVE A REPLY

Please enter your comment!
Please enter your name here