dawood-ibrahim.jpg.image.784.410 (1)

ന്യൂഡൽഹി∙ അധോലോക നായകനും 1993 ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുൻ ആഭ്യന്തര സെക്രട്ടറിയും ഇപ്പോൾ ബിജെപി നേതാവുമായ ആർ.കെ. സിങ് ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ദാവൂദിനെ വകവരുത്താൻ രഹസ്യമായി പദ്ധതിയിട്ടത്. ഇപ്പോൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ ആയിരുന്നു അന്നത്തെ ഇന്റലിജൻസ് ബ്യൂറോ മേധാവി. ദാവൂദിന്റെ എതിരാളിയായ ഛോട്ടാ രാജന്റെ സംഘത്തിൽ നിന്നും തിരഞ്ഞെടുത്ത ചിലർക്ക് പരിശീലനം നൽകി ദാവൂദിനെ വകവരുത്താനായിരുന്നു ഇന്ത്യൻ സർക്കാരിന്റെ പദ്ധതി.

മഹാരാഷ്ട്രയിലെ ഉൾപ്രദേശത്തെ ക്യാംപിൽ വച്ച് ഇവർക്ക് പരിശീലനവും നൽകി. ഇതറിഞ്ഞ ദാവൂദിന്റെ അധോലോകവുമായി അടുത്ത ബന്ധമുള്ള മുംബൈ പൊലീസിലെ ചില ഉദ്യോഗസ്ഥർ പരിശീലന ക്യാംപിൽ വാറന്റുമായി എത്തി ഇവരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ പ്രധാന കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള ഇന്ത്യയുടെ പദ്ധതി മുംബൈ പൊലീസ് മൂലമാണ് തകർന്നതെന്നും ആർ.കെ. സിങ് കുറ്റപ്പെടുത്തി.

ദാവൂദിനെയും ലഷ്കറെ തയിബ നേതാവായ ഹാഫിസ് സയീദിനെയും സംരക്ഷിക്കുന്നത് പാക്കിസ്ഥാനും പാക്ക് രഹസ്യാന്വേഷണ വിഭാഗവുമായ ഐഎസ്ഐയും ചേർന്നാണ്. അൽഖായിദ തലവൻ ഒസാമ ബിൻ ലാദനെ കൊല്ലാൻ അമേരിക്ക തയാറാക്കിയതുപോലുള്ള രഹസ്യമായ സൈനിക നീക്കം ഇന്ത്യയും നടത്തണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകർ ഇക്കാര്യത്തിൽ കൃത്യമായ മാർഗ്ഗ നിർദേശങ്ങൾ അദ്ദേഹത്തിന് നൽകുന്നില്ല. ഒരു സൈനിക നീക്കം പരാജയപ്പെട്ടാൽ അതിൽ നിരാശപ്പെടാതെ ശരിയായ ദിശയിൽ മറ്റൊരു നീക്കം നടത്തുകയാണ് ഇന്ത്യൻ സർക്കാർ ചെയ്യേണ്ടതെന്നും സിങ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here