cath2 ക്രിസ്ത്യന്‍ സഭകളുടെ കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാലം കഴിഞ്ഞെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. തന്റെ ആത്മകഥയായ “ജീവിതകാഴ്ച’ കളിലാണ് കാതോലിക്ക ബാവാ ഇക്കാര്യം പറയുന്നത്.””കമ്യൂണിസ്റ്റ് വിരോധം ക്രിസ്തീയ സഭകള്‍ വെച്ചുപുലര്‍ത്തിയിട്ടുണ്ട്. ഒരു പക്ഷേ, കമ്യൂണിസം നിരീശ്വരവാദമാണ് എന്ന ബോധ്യത്തിലാകാം ഇത്.
കുട്ടികള്‍ നിരീശ്വരവാദത്തിലേക്ക് പോകും എന്ന് സാധാരണക്കാര്‍ ഭയപ്പെട്ടു. മറ്റ് രാഷ്ട്രീയ നേതാക്കന്‍മാര്‍ ഈ വിരോധം ചൂഷണം ചെയ്തു. വര്‍ത്തമാനകാല കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ല. പണ്ട് ഒരാള്‍ കമ്യൂണിസ്റ്റ് എന്നാല്‍ ദേവാലയത്തില്‍ പോകാന്‍ പാടില്ല, ദൈവത്തില്‍ വിശ്വസിക്കാന്‍ പാടില്ല, മത ചടങ്ങുകള്‍ പാടില്ല എന്നൊക്കെയായിരുന്നു. മതവിരോധം ശക്തമായിരുന്നു. അതിനെ ചൂഷണം ചെയ്തതിനെ ന്യായികരിക്കാനാകില്ല.” സഭയും രാഷ്ട്രീയവും രണ്ടായി കാണണം. മതം രാഷ്ട്രീയത്തില്‍ ഇടപെടരുത്. രാഷ്ട്രീയക്കാരെ പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മതം ഇല്ലാതായിപ്പോകും. കാരണം മതലക്ഷ്യവും രാഷ്ട്രീയ ലക്ഷ്യവും വ്യത്യസ്തമാണ്.
ഇന്നത്തെ രാഷ്ട്രീയത്തില്‍ ധാര്‍മികത അധരങ്ങളിലാണ്. മതത്തില്‍ ആത്മീയത അധരവ്യായാമമായാല്‍ എല്ലാം അവസാനിക്കുമെന്നതില്‍ സംശയമില്ല. പുതിയ കാലത്ത് സാമുദായിക നേതാക്കള്‍ക്ക് സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കാത്തത് മൂല്യശോഷണം കൊണ്ടാണ്. ഒരാള്‍ക്ക് സമൂഹത്തെ എങ്ങനെ നന്നാക്കാനാവും. ഞങ്ങള്‍ മതപരിവര്‍ത്തനം ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് മിഷന്‍ എന്ന് സഭ കരുതുന്നില്ല. മനുഷ്യനെ ആധ്യാത്മിക പാതയില്‍ നയിക്കുക എന്ന ഉത്തരവാദിത്തമാണ് മതത്തിനുള്ളത്. ആ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നത് അപലപനീയമാണ്. സമൂഹത്തിലുണ്ടാകുന്ന തിന്മയുടെയും അനീതിയുടെയും ഫലമായാണ് തീവ്രവാദവും തീവ്രവാദികളുമായി കുറേ പേരെങ്കിലും സൃഷ്ടിക്കപ്പെടുന്നതെന്നും ബാവ പറയുന്നു. ബാവയുമായി സാഹിത്യകാരന്‍ ബെന്യാമിന്‍ നടത്തുന്ന സംവാദമാണ് പുസ്തക രൂപത്തില്‍ തയ്യാറാക്കിയത്. ഡിസി ബുക്സാണ് പുസ്തകം പ്രസാധനം ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here