തിരുവനന്തപുരം:ജയിലിൽ രാവിലെ ആറുമണിമുതൽ രാത്രി എട്ടുവരെ തടവുകാരെ എഫ് എം റേഡിയോ കേൾപ്പിക്കണമെന്ന് ജയിൽ ഡി.ജി.പി.യുടെ നിർദേശം. തടവുകാർക്കിടയിലെ ആത്മഹത്യ തടയുന്നതിന്റെ ഭാഗമാണ് പുതിയ നടപടി. പാട്ടുകൾ കേൾക്കുന്നതിലൂടെ തടവുകാരുടെ മാനസിക പിരിമുറുക്കം കുറയുകയും ഉല്ലാസം കൂടുകയും ചെയ്യുമെന്നും അങ്ങനെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാം എന്നുമാണ് അധികൃതരുടെ വിശ്വാസം.മറ്റുചില വമ്പൻ നിർദ്ദേശങ്ങളും ഉണ്ട്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ മാസികകൾ വാങ്ങി വിതരണം ചെയ്യണം,വ്യായാമം നിർബന്ധമാക്കുന്നതിനൊപ്പം കുറഞ്ഞത് അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യണം.

കുടുംബാംഗങ്ങളുടെ നമ്പരുകളിലേക്ക് എണ്ണം നോക്കാതെ വിളിക്കാൻ അനുവദിക്കും. ഇതിൽ താത്പര്യം കാണിക്കാത്തവരെ ഫോൺവിളിക്കാൻ പ്രോത്സാഹിപ്പിക്കണം. ആഴ്ചയിലൊരിക്കൽ കൃത്യമായി കൗൺസലിംഗ് ക്ളാസുകൾ നടത്തണം. സന്നദ്ധ സംഘടനകളുമായി ആലോചിച്ച് ഇതിനുളള പാനൽ തയ്യാറാക്കണം. സാധാരണ വേഷത്തിൽ തടവുകാരുമായി ഇടപഴകി അവരുടെ സുഖവിവരങ്ങൾ ചോദിച്ചറിയാൻ ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ നിയോഗിക്കണം. വെൽഫെയർ ഓഫീസർമാരുടെ സന്ദർശനം ഉറപ്പുവരുത്തണം എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.അടുത്തിടെ തടവുകാരുടെ ആത്മഹത്യാ ശ്രമം തടയുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സമൂഹത്തിന്റെ പൊതുധാരയിലേക്ക് മടങ്ങിച്ചെല്ലാനാവുന്ന തരത്തിൽ തുടർച്ചയായ മാനസികാരോഗ്യ പരിപാലനം തടവുകാർക്ക് നൽകണമെന്നതായിരുന്നു ഇതിൽ പ്രധാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് തടവുകാർക്ക് മാനസിക പിന്തുണയും ആശ്വാസവും ഉണ്ടാകുന്ന തരത്തിലെ ബന്ധം വളർത്തിയെടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരോൾ നിഷേധം, ഏകാന്ത തടവ് , രോഗം തുടങ്ങിയ പ്രശ്നങ്ങളാണ് തടവുകാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് പ്രധാന കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here