ജിദ്ദ: സൗദിയിൽ കോവിഡ് പ്രതിരോധ മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണമായും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തിന്റെയും തുടർനടപടികളുടെയും പശ്ചാത്തലത്തിലും കോവിഡിനെ പ്രതിരോധിക്കാനാവശ്യമായ യോജിച്ച ഫലപ്രദമായ ദേശീയ ശ്രമങ്ങൾ, ദേശീയ വാക്സിനേഷൻ പ്രോഗ്രാമിലെ പുരോഗതി തുടങ്ങി ആരോഗ്യ മന്ത്രലായം കോവിഡിനെ ചെറുക്കുന്നതിൽ കൈവരിച്ച നിരവധി നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

പുതിയ പ്രഖ്യാപനം അനുസരിച്ച് മക്ക, മദീന ഇരുഹറം പള്ളികളിലും മറ്റു പബ്ലിക് ഹെൽത്ത് അതോറിറ്റി നിഷ്കർഷിക്കുന്ന സ്ഥലങ്ങളിലും ഒഴികെ അടച്ചിട്ട സ്ഥലങ്ങളിലും മറ്റും മാസ്ക് നിർബന്ധമില്ല. എന്നാൽ പ്രത്യേക ഇവന്റുകൾ, പൊതുഗതാഗതം തുടങ്ങിയവയിൽ പ്രവേശിക്കുമ്പോൾ അധികൃതർ ആവശ്യപ്പെട്ടാൽ മാത്രം മാസ്ക് ധരിക്കൽ നിർബന്ധമായിരിക്കും.

പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളവർ ഒഴികെ മറ്റുള്ളവർക്ക് സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനോ, ഇവന്റുകൾ, പൊതുഗതാഗതം, വിമാനയാത്ര തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനോ തവക്കൽന ആപ്ലിക്കേഷനിൽ പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യ നില പരിശോധിക്കേണ്ട ആവശ്യവുമില്ല. എന്നാൽ അത്തരം പരിശോധന തുടരുന്നതിലൂടെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിലോ ഇവന്റുകളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ആവശ്യമെങ്കിൽ അധികൃതർക്ക് തവക്കൽന നിർബന്ധമാക്കാം.

രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്ന പൗരന്മാർക്ക് നേരത്തെ രണ്ടാം ഡോസ് വാക്സിൻ എടുത്തതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന കാലാവധി എട്ട് മാസമാക്കി ദീർഘിപ്പിച്ചു. അംഗീകൃത വാക്സിൻ ബൂസ്റ്റർ ഡോസുകൾ എടുക്കുന്നതുൾപ്പെടെയുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനായുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിലവിൽ സ്വീകരിച്ച നടപടികളുടെ തുടർച്ച രാജ്യത്തെ ആരോഗ്യ അധികാരികളുടെ തുടർച്ചയായ കോവിഡ് സാഹചര്യ വിലയിരുത്തലിന് വിധേയമാ യിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here