അജ്മാൻ: കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമാകുകയാണ് അജ്മാൻ പൊലീസ്. എമിറേറ്റിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത പാനീയങ്ങളും വിതരണംചെയ്യുന്ന സംരംഭത്തിന് അജ്മാൻ പൊലീസ് തുടക്കമിട്ടു. ‘ ഞങ്ങൾ വരുന്നു നിങ്ങളുടെ അരികിലേക്ക്, നമ്മുടെ വേനൽക്കാലം രസകരം’ എന്നപേരിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ജോലിയിടങ്ങൾ സന്ദർശിച്ചാണ് ഭക്ഷണവും തണുത്ത പാനീയങ്ങളും കുടിവെള്ളവും അജ്മാൻ പൊലീസ് വിതരണം ചെയ്യുന്നത്. വേനൽക്കാലത്തുടനീളം ജോലിചെയ്യുന്ന തൊഴിലാളികളുടെ സന്തോഷം ലക്ഷ്യമിട്ടാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് അജ്മാൻ പൊലീസിന്റെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ് തലവൻ മേജർ നൂറ സുൽത്താൻ അൽശംസി പറഞ്ഞു. വേനൽക്കാലത്ത് കഠിനാധ്വാനം ചെയ്യാനുള്ള ക്ഷമയും സഹിഷ്ണുതയും പ്രകടിപ്പിക്കുന്ന തൊഴിലാളികളെ അഭിനന്ദിക്കാനും പുതിയ സംരംഭം ലക്ഷ്യമിടുന്നു.