കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ രാജകുടുംബത്തില്‍ നിന്നും നേരിട്ട അവഗണനയെക്കുറിച്ചും വിവേചനത്തെക്കുറിച്ചും തുറന്നു പറഞ്ഞ് ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രംഗത്ത്. അവഗണന തന്നെ ഒരുപാട് തകര്‍ത്തിരുന്നുവെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ച സാഹചര്യം ഉണ്ടായെന്നും മേഗന്‍ വെളിപ്പെടുത്തി. യുഎസ് മാദ്ധ്യമമായ സിബിഎസില്‍ ഓപ്ര വിന്‍ഫ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേഗന്റെ തുറന്നുപറച്ചില്‍.
തങ്ങളുടെ മകന്‍ ആര്‍ച്ചിയെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ആര്‍ച്ചിക്ക് രാജകുടുംബത്തില്‍ യാതൊരു അവകാശങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഹാരി തന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരിച്ചതിലും ഭീകരമായിരുന്നു അവസ്ഥയെന്ന് മേഗന്‍ പറയുന്നു. തന്റെ പിതാവ് വെളുത്ത വംശജനും മാതാവ് കറുത്ത വംശജയും ആയതിനാല്‍ ജനിക്കാന്‍ പോകുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് രാജകുടുംബത്തിന് ആശങ്കയുണ്ടായിരുന്നു.
രാജകുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹാരിയും മേഗനും ഉന്നയിക്കുന്നത്. 2020 ജനുവരിയിലാണ് കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോകുന്നതായി ഹാരി പ്രഖ്യാപിച്ചത്. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വൈദ്യ സഹായം ആവശ്യപ്പെട്ടപ്പോള്‍ അതും നിഷേധിച്ചു. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ കൈവശം വെയ്ക്കാന്‍ പോലും അവര്‍ തന്നെ അനുവദിച്ചില്ലെന്നും മേഗന്‍ പറഞ്ഞു.
ബ്രിട്ടീഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റേയും പരേതയായ ഡയാനയുടേയും രണ്ടാമത്തെ പുത്രനാണ് ഹാരി. അദ്ദേഹം പ്രണയിച്ചാണ് മേഗനെ വിവാഹം കഴിക്കുന്നത്. മേഗന്‍ ഹോളിവുഡ് നടിയും അമേരിക്കക്കാരിയും വിവാഹമോചിതയും ഭാഗികമായി കറുത്ത വര്‍ഗ്ഗക്കാരിയുമാണ്. ഇതേ തുടര്‍ന്നാണ് മേഗനെ അകറ്റി നിര്‍ത്താന്‍ രാജകുടുംബം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.