യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. ‘സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി പ്രവര്‍ത്തിച്ച വീട്ടുവീഴ്ചയില്ലാത്ത വക്താവ്’ എന്നാണ് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഗാന്ധിജിയെ വിശേഷിപ്പിച്ചത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് യുഎന്‍ ആസ്ഥാനത്ത് സ്ഥാപിച്ച പ്രതിമയെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

‘സമാധാനപരമായ സഹവര്‍ത്തിത്വത്തിനും വിവേചനരാഹിത്യത്തിനും ബഹുസ്വരതക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത വക്താവായിരുന്നു മഹാത്മാഗാന്ധി. യുഎന്‍ ആസ്ഥാനത്ത് സ്ഥാപിച്ച അദ്ദേഹത്തിന്റെ പ്രതിമ, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കും. അതില്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കണം.’ അന്റോണിയോ ഗുട്ടറസ് ട്വീറ്റില്‍ കുറിച്ചു.

ബുധനാഴ്ച ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. യു.എന്‍ പൊതുസഭയുടെ 77-ാമത് സെഷന്‍ പ്രസിഡന്റ് സിസാബ കൊറോസിയും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും ചടങ്ങില്‍ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭജന്‍ ‘വൈഷ്ണവ് ജാന്‍ തോ’ പരിപാടിയില്‍ പാരായണം ചെയ്തു. യു.എന്‍ ആസ്ഥാനത്ത് ആദ്യമായാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യ സമ്മാനിച്ചതാണ് ഈ ഗാന്ധിപ്രതിമ. പത്മശ്രീ ജോതാവും പ്രശസ്ത ഇന്ത്യന്‍ ശില്‍പിയുമായ റാം സുതാറാണ് പ്രതിമ നിര്‍മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here