ദുബായ് ∙ ഇത്തവണ പ്രവാസി ഓണത്തിനു മാറ്റു കൂടും. മറ്റൊന്നുമല്ല, വെള്ളി എന്ന ദിവസമാണ് ഇത്തവണ ഓണത്തിന്റെ താരം. തിരുവോണത്തിനു ഗൾഫിൽ അവധി കിട്ടുന്നത് ഇതുപോലെ വല്ലപ്പോഴും വെള്ളിയാഴ്‌ച ഒത്തുവന്നാൽ മാത്രം. അവധിദിവസമായതുകൊണ്ട് ഇത്തവണ ലേബർ ക്യാംപുകളിലെ ഓണവും പൊടിപൊടിക്കും. ഒരുപക്ഷേ, ഇത്തരം ക്യാംപുകളിലാവണം ‘മാനുഷരെല്ലാരും ഒന്നുപോലെ’ എന്നമട്ടിലുള്ള യഥാർഥ ഓണം ഒരുങ്ങുക. കൂട്ടായ്‌മയുടെ കരുത്തിൽ എല്ലാവരും ചേർന്നൊരുക്കുന്ന ഓണം ഇപ്പോൾ നാട്ടിൽപോലും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്. തിരുവോണത്തിനു പുലർച്ചെ എണീറ്റ് യൂണിഫോമിട്ടു ജോലിക്കു പോകേണ്ട അവസ്‌ഥ എന്തായാലും ഇത്തവണയില്ല. കഴിഞ്ഞ വർഷത്തെപ്പോലെ കുട്ടികളെ ഒരുക്കി സ്‌കൂളിൽ വിടേണ്ട ഗതികേടു കുടുംബങ്ങൾക്കുമില്ല. അതിനാൽ ബാച്‌ലേഴ്സിനും കുടുംബത്തിനുമൊക്കെ തിരുവോണദിവസംതന്നെ തിരുവോണം ആഘോഷിക്കാം. നാട്ടിലെപ്പോലെ വെള്ളമുണ്ടും കറുത്ത ഷർട്ടുമിട്ടു കറങ്ങുന്നവരും ക്ലബ്ബുകളുടെ പിരിവും ബവ്‌റിജസിലെ നീണ്ട ക്യൂവും ഓണച്ചന്തയും കവലകളിലിറങ്ങുന്ന മാവേലിയും പുലിവേഷക്കാരുമൊന്നും ഇവിടെയില്ലെങ്കിലും ഓണമെന്നാൽ ഗൾഫോണംതന്നെ ബഹുകേമമെന്ന് ആരും പറഞ്ഞുപോകും. ഇപ്പോൾ തുടങ്ങിയാൽ ക്രിസ്‌മസും കഴിഞ്ഞുവരെ നീളും ചിലപ്പോൾ ഓണാഘോഷം. ദിവസത്തിനല്ലല്ലോ, ഓണമെന്ന കൂട്ടായ്മയ്ക്കും സന്തോഷത്തിനുമല്ലേ പ്രാധാന്യം. തിരുവോണദിവസം വെള്ളിയായതിനാൽ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ഒത്ത് ആഘോഷം പൊടിപൊടിക്കാൻ അപൂർവ അവസരമാണ് മലയാളികൾക്കു ലഭിച്ചിരിക്കുന്നത്. താമസസ്‌ഥലത്ത‍ു സംഘം ചേർന്നു സദ്യയൊരുക്കാനാണു മിക്കവരുടെയും തീരുമാനം. ഇവിടെ തിരുവോണത്തലേന്നുതന്നെ ഓണസദ്യ തുടങ്ങിക്കഴിഞ്ഞു. ഇന്ന് ഓഫിസുകളിലാണു മിക്കവരും ഓണാഘോഷം നടത്തുന്നത്. വെള്ളി, ശനി കഴിഞ്ഞു ഞായർ ഓഫിസിലെത്തുമ്പോൾ നാലാം ഓണം ആയിപ്പോകില്ലേ. പായസത്തിലെ മേളം

ദുബായ് കരാമയിലെ പ്രമുഖ റസ്‌റ്ററന്റ് എല്ലാ വർഷവും വ്യത്യസ്‌തമായ പായസമേളയും ഒരുക്കുന്നു. ഇടിച്ചുപിഴിഞ്ഞ പായസം, മുത്തുമണിപ്പായസം, പഞ്ചരത്നപ്പായസം, മുളയരിപ്പായസം, കരിക്കുപായസം, തേൻപഴപ്പായസം, പരിപ്പുപ്രഥമൻ, പാലടപ്രഥമൻ, ചക്കപ്പായസം, അടപ്രഥമൻ, കാരറ്റ് പായസം, മത്തങ്ങപ്പായസം, പഴപ്രഥമൻ, അമ്പലപ്പുഴ പാൽപ്പായസം എന്നിവയാണു വിഭവങ്ങൾ. വർഷങ്ങൾക്കു മുമ്പു നാട്ടിൽനിന്നു പ്രശസ്‌തരായ പാചകവിദഗ്‌ധരെ അണിനിരത്തിയാണു റസ്‌റ്ററന്റുകൾ ഓണസദ്യ ഒരുക്കിയിരുന്നത്. ആയിരക്കണക്കിന് ഓണസദ്യകൾ ഇതുവഴി പലരും കൂടുതൽ വിറ്റഴിച്ചു. ഇതനുസരിച്ചു വിലയും കുത്തനെ കൂട്ടിയപ്പോൾ, ആവശ്യക്കാർ കുറഞ്ഞ നിരക്കുള്ള സ്‌ഥലം തേടി പോയി. ഇതോടെ, പാചകവിദഗ്‌ധരുടെ വരവും നിലച്ചു. ഇപ്രാവശ്യം അത്തരത്തിൽ വീമ്പുപറച്ചിലില്ലാതെയാണ് യുഎഇയിലെ റസ്‌റ്ററന്റുകൾ ഓണസദ്യ വിളമ്പുന്നത്. ദുബായ് ക്രീക്കിൽ പ്രത്യേകം ഒരുക്കുന്ന ഹൗസ് ബോട്ടിൽ സദ്യയൊരുക്കുന്ന റസ്‌റ്ററന്റും ഇത്തവണത്തെ പ്രത്യേകതയാണ്. ദുബായിലെ പേരുകേട്ട റസ്‌റ്ററന്റുകളിൽ നാട്ടിൽ ലഭിക്കുന്നതിനെക്കാൾ മികച്ച ഓണസദ്യയാണു ലഭിക്കുന്നത്. ഇവിടെ ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരംതന്നെയാണ് ഓണസദ്യയ്ക്കു മാറ്റു കൂടാൻ കാരണം. ഇന്നത്തേക്കു മാത്രം മൂവായിരം ഓണസദ്യ ബുക്ക് ചെയ്‌തതായി ദുബായിലെ പ്രമുഖ റസ്‌റ്ററന്റ് ഉടമ ‘മനോരമ’യോടു പറഞ്ഞു. ഇതോടെ ഓർഡർ സ്വീകരിക്കുന്നതു നിർത്തി. നാളത്തേക്കും ബുക്കിങ് തകൃതിയായി നടക്കുന്നു.

ഇന്നു ‘പ്രവാസിപ്പാച്ചിൽ’

തൂശനിലയിൽ വിളമ്പിയ ഓണസദ്യയില്ലാതെ എന്ത് ഓണമെന്നു ചോദിച്ചു മലയാളികൾ ഇന്ന് ഒരു പാച്ചിലുണ്ട് – പ്രവാസി ഉത്രാടപ്പാച്ചിൽ. മറ്റൊരു പാച്ചിൽകൂടിയുണ്ട് – റസ്റ്ററന്റുകളിലേക്ക്. പതിവുപോലെ വിഭവങ്ങളുടെ കലവറയുമായി ഇന്നും നാളെയും കെങ്കേമമാക്കാൻ റസ്‌റ്ററന്റുകൾ കാത്തിരിക്കുന്നു. ഇരുപത്തഞ്ചിലേറെ കറിക്കൂട്ടുകളും രണ്ടും മൂന്നും തരം പായസവുമായി റസ്‌റ്ററന്റുകൾ വിളമ്പുന്ന ഓണസദ്യയ്‌ക്കു 30 മുതൽ 50 ദിർഹംവരെയാണു വില. പാചകം ചെയ്യാൻ സൗകര്യമില്ലാത്ത ബാച്‌ലർമാർക്കും പാചകമടിയന്മാർക്കും ആശ്രയമാണ് ഈ സൗകര്യം. ഇരുനൂറിലേറെ രാജ്യങ്ങളിലെ പൗരന്മാർ വസിക്കുന്ന യുഎഇയിൽ അത്രതന്നെ വൈവിധ്യമാർന്ന ഭക്ഷണം വിളമ്പുന്ന റസ്‌റ്ററന്റുകളുണ്ട്. ഓണമെന്ന പേരിൽ ഒരു റസ്‌റ്ററന്റ് തന്നെ ഷാർജയിലുണ്ട്. മലയാളി റസ്‌റ്ററന്റുകൾ മത്സരിച്ചാണ് ഓണസദ്യയൊരുക്കുന്നത്. ഇന്നും നാളെയും ഒരുക്കുന്ന ഓണസദ്യയ്‌ക്ക് നേരത്തേ ബുക്ക് ചെയ്‌തു കാത്തിരിക്കുകയാണു പലരും. മിക്കയിടത്തും പാഴ്സലായാണു സദ്യ നൽകുന്നത്. ഇലയും ഉപ്പും തുടങ്ങി കുടിക്കാനുള്ള വെള്ളംവരെ കൂട്ടിയാണ് മുപ്പതോളം വിഭവങ്ങൾ റസ്‌റ്ററന്റുകൾ നിരത്തുന്നത്. ചോറ്, സാമ്പാർ, പാവയ്‌ക്ക കിച്ചടി, പൈനാപ്പിൾ കിച്ചടി, തോരൻ, എരിശ്ശേരി, കൂട്ടുകറി, ഓലൻ, അവിയൽ, പരിപ്പ്–നെയ്യ്, ഉപ്പേരി, ഉണ്ണിയപ്പം, ശർക്കരവരട്ടി, ചക്ക വറുത്തത്, നാരങ്ങ അച്ചാറ്, മാങ്ങ അച്ചാറ്, ഇഞ്ചിപ്പുളി, ഉള്ളിത്തീയൽ, ബീറ്റ്‌റൂട്ട് പച്ചടി, പപ്പടം, പഴം, കാളൻ, രസം, മോര് എന്നിവയാണു കൊതിയൂറും വിഭവങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here