പാലക്കാട്∙തദ്ദേശ തിരഞ്ഞെടുപ്പു നേരിടാൻ ദേശീയ നേതൃത്വത്തിന്റെ സഹകരണത്തേ‍ാടെ ബിജെപി വിപുലമായ പ്രചാരണം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നാലു കേന്ദ്രമന്ത്രിമാരും 20 എംപിമാരും അടുത്തദിവസം സംസ്ഥാനത്തെത്തും. സെപ്റ്റംബർ ഒന്നുമുതൽ ലേ‍ാക്സഭ, നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണു പരിപാടികൾ. എംപിമാർ നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിമാരായ വി.കെ.സിങ് ഉൾപ്പെടെ നാലു മന്ത്രിമാർ ലേ‍ാക്സഭാമണ്ഡല സമ്മേളനങ്ങളിലും പങ്കെടുക്കും.

നാലുമണ്ഡലങ്ങളിൽ വീതം പര്യടനം നടത്തുന്ന എംപിമാർ പ്രദേശത്തെ പ്രധാന രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം മറ്റുകേന്ദ്രനേതാക്കളും എത്തും.സാമൂഹികമാധ്യമങ്ങളിലൂടെ ഉൾപ്പെടെ പ്രചാരണ പരിപാടികൾക്കു പാർട്ടി നേതൃത്വം രൂപം നൽകി. ദേശീയ നേതാക്കളുടെ പ്രചാരണങ്ങൾക്കു മുൻപ് മുഴുവൻ പുതിയ അംഗങ്ങൾക്കും സംഘടനയുടെ ആശയ‌, ചരിത്രപാഠങ്ങൾ പകർന്നുനൽകാൻ ആറുമേഖലകൾ കേന്ദ്രീകരിച്ചു പഠനക്ലാസുകൾ നടത്തും. കാസർകേ‍ാട്, കണ്ണൂർ–കെ. സുരേന്ദ്രൻ, കേ‍ാഴിക്കേ‍ാട്, മലപ്പുറം–കെ.പി. ശ്രീശൻ, തൃശൂർ കെ. സുഭാഷ്, എറണാകുളം–എ.എൻ. രാധാകൃഷ്ണൻ, പത്തനംതിട്ട–എം.ടി. രമേശ്, തിരുവനന്തപുരം ജേ‍ാർജ് കുര്യൻ എന്നിവർക്കാണു മേഖലകളുടെ ചുമതല. അംഗങ്ങളുടെ എണ്ണമനുസരിച്ചു മണ്ഡലം, വാർഡുതല പാർട്ടി ക്ലാസുകളുണ്ടാകും.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ശ്രീശനാണു പഠനക്ലാസുകളുടെ ചുമതല. രക്ഷാബന്ധൻ ആഘേ‍ാഷത്തിനെ‍ാപ്പം കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ബേ‍ാധവൽക്കരണ പരിപാടികളും നടത്തും. രാഖി കെട്ടൽ ചടങ്ങിനെ‍ാപ്പം പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പേ‍ാളിസിയിൽ കൂടുതൽ പേരെ ചേർക്കാനാണു നിർദേശം. സ്ഥാനാർഥിപട്ടിക സെപ്റ്റംബർ 15 നകം ജില്ലതല കേ‍ാർകമ്മിറ്റിക്കു നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here