കൊല്ലം ∙ എസ്എൻഡിപി യോഗത്തിന്റെ കാർമികത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു നിലവിൽ വന്നേക്കും. എസ്എൻഡിപി യോഗം നേരിട്ടു രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന നിലപാടിൽ നേതൃത്വം ഉറച്ചു നിൽക്കുമ്പോഴും വിവിധ സാമുദായിക – സാമൂഹിക സംഘടനാ നേതാക്കളെ അണിനിരത്തി പാർട്ടി രൂപീകരിക്കാനാണ് നീക്കം. സെപ്റ്റംബർ ഏഴിനു കൊല്ലത്തു നടക്കുന്ന എസ്എൻഡിപി യോഗം ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ വിഷയം ചർച്ചയാകും.

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു മുന്നോടിയായി ഭൂരിപക്ഷ സമുദായ ഐക്യം എന്ന മുദ്രാവാക്യമുയർത്തി എസ്എൻഡിപി യോഗ നേതൃത്വം കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രചാരണ ജാഥ സംഘടിപ്പിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു കേരള പര്യടനം പൂർത്തിയാക്കാനാണ് തീരുമാനം. സംസ്ഥാനത്തു മാറിവരുന്ന സർക്കാരുകൾ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്നതു തുറന്നുകാട്ടുകയാണു ലക്ഷ്യമെന്ന് യോഗം വൃത്തങ്ങൾ വ്യക്തമാക്കി.

ഈഴവ സമുദായ സംഗമം സംഘടിപ്പിച്ച് അഞ്ചു ലക്ഷം ഈഴവ സമുദായംഗങ്ങൾ പാർട്ടിയിൽ ചേരുന്നതായി പ്രഖ്യാപിക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ നിർദേശം യോഗനേതൃത്വം നേരത്തെ തള്ളിയിരുന്നു. പിന്നീടു യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പിന്നാക്ക സമുദായങ്ങളുടെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു പാർട്ടിയുമായി ചേർന്നു മുന്നണിയുണ്ടാക്കാമെന്നു നിലപാടിലേക്കു ബിജെപി നേതൃത്വം വഴങ്ങി. എന്നാൽ, പിന്നാക്കക്കാരെ മാത്രമല്ല, മുന്നോക്ക – ന്യൂനപക്ഷ സമുദായങ്ങളിലെ വിഭാഗങ്ങളെയും ചേർത്തു മതനിരപേക്ഷ കാഴ്ചപ്പാടിലൂന്നി രാഷ്ട്രീയ പാർട്ടി വേണമെന്ന നിലപാടിനാണ് യോഗ നേതൃത്വത്തിൽ മുൻകൈ. സെപ്റ്റംബർ ഏഴിനു ഡയറക്ടർ ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെങ്കിലും അന്തിമ തീരുമാനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേതായിരിക്കും. ഉചിതമായ തീരുമാനമെടുക്കാൻ വെള്ളാപ്പള്ളിയെ ഡയറക്ടർ ബോർഡ് നേരത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ചു ബിജെപി നേതൃത്വവുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. പുതിയ പാർട്ടിക്കു ഭരണഘടന തയാറാക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. പാർട്ടിക്കു പല പേരുകൾ പരിഗണനയിലുണ്ടെങ്കിലും ‘ധർമജന സേന’ എന്ന പേരിനാണ് പ്രാമുഖ്യം.

LEAVE A REPLY

Please enter your comment!
Please enter your name here