UN.jpg.image.784.410

ഇസ്‌ലാമാബാദ്∙ ഇന്ത്യയുമായുള്ള ദേശീയ ഉപദേഷ്ടാവ് തല ചർച്ചകൾ റദ്ദാക്കിയതിനെതിരെ പാക്കിസ്ഥാൻ യുഎന്നിനെ സമീപിച്ചു. കശ്മീർ വിഷയത്തെപ്പറ്റിയും അതിർത്തിയിലെ പ്രശ്നങ്ങളെപ്പറ്റിയും പാക്കിസ്ഥാൻ അറിയിച്ചിട്ടുണ്ട്. ചർച്ച റദ്ദാക്കിയയുടൻ‍ തന്നെ ഇക്കാര്യം അറിയിച്ചുകൊണ്ട് പാക്കിസ്ഥാൻ യുഎന്നിനെ സമീപിക്കുകയായിരുന്നു. യുഎന്നിലെ സ്ഥിരം ക്ഷണിതാവായ മലീഹ ലോധിയുടെ നിർദേശമനുസരിച്ചായിരുന്നു ഇതെന്ന് ഡോൺ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.

ചർച്ചയ്ക്കു മുൻപായി ഇന്ത്യ മുൻകൂർ വ്യവസ്ഥകൾ വച്ചുവെന്നും ഇതാണ് ചർച്ച റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പാക്കിസ്ഥാൻ യുഎന്നിൽ ധരിപ്പിച്ചിരിക്കുന്നത്. കശ്മീരിലെയും നിയന്ത്രണരേഖയിലെയും പ്രശ്നങ്ങൾ പറഞ്ഞുതീർക്കണമെന്ന് നേരത്തെ തന്നെ രാജ്യാന്തര സമൂഹം ആവശ്യപ്പെട്ടിരുന്നു. ഉഫയിൽ വച്ച് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നെടുത്ത തീരുമാനത്തിന് വിരുദ്ധമായിരുന്നു ഇതെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.

അതേസമയം, 1965ൽ കശ്മീരിൽ ജനഹിത പരിശോധന നടത്തേണ്ടെന്ന ഇന്ത്യയുടെ തീരുമാനത്തെ യുഎസ് പിന്തുണച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്ന രഹസ്യരേഖകൾ പുറത്തായി. ഇന്ത്യ – പാക്ക് യുദ്ധത്തിന്റെ സമയത്ത് നിരുപാധികമായ വെടിനിർത്തലിന് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ലിൻഡൻ ജോൺസണിനെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി കത്തിലൂടെ അറിയിച്ചിരുന്നു.‌ 1965 സെപ്റ്റംബർ 16ന് അയച്ചിരിക്കുന്ന ഈ കത്തിൽ 1948ലെ യുഎൻ പ്രമേയം ജനഹിതപരിശോധനയെ പിന്തുണയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

യുദ്ധത്തിൽ നിന്നു പിന്മാറുന്നതിന് തയാറാണെന്നും എന്നാൽ കശ്മീർ വിട്ടുനൽകില്ലെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി സുൾഫിക്കർ അലി ഭൂട്ടോ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ശാസ്ത്രി യുഎസിനു കത്തയച്ചത്. പാക്കിസ്ഥാനാണ് യുദ്ധത്തിനു കാരണക്കാരെന്ന് ഇസ്‌ലാമാബാദിനെ യുഎസ് അംബാസഡർ വാൾട്ടർ പാട്രിക് മക്നൗട്ടി പറഞ്ഞിരുന്നു. ചൈനയ്ക്കെതിരെ പ്രയോഗിക്കുന്നതിനായി യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണത്തിന് കശ്മീരിലേക്ക് കടന്ന് തുടക്കമിട്ടത് പാക്കിസ്ഥാൻ ആയിരുന്നുവെന്ന് മക്നൗട്ടി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here