കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന് തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന. ഇതിനായി പത്ത് ശാസ്ത്രജ്ഞന്മാരടങ്ങുന്ന പ്രത്യേക സംഘം അടുത്ത മാസം ചൈനയിലെ വുഹാനിലേക്ക് യാത്ര തിരിക്കും. വൈറസ് എന്ന് മുതലാണ് പടര്‍ന്നു പിടിച്ചതെന്നും അതിന്റെ ഉത്ഭവം വുഹാനില്‍ നിന്നു തന്നെയാണോ എന്നും കണ്ടുപിടിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

അതേസമയം മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് കോവിഡ് വൈറസ് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തുന്നതിന് ചൈന ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നല്‍കിയത്. ചൈനയില്‍ വന്ന് അന്വേഷണം നടത്തുന്നതിനോട് ആദ്യം രാജ്യം വിയോജിക്കുകയായിരുന്നു. നാലോ അഞ്ചോ ആഴ്ച നീളുന്ന പരിശോധനയാകും ലോകാരോഗ്യ സംഘടനയുടെ സംഘം വുഹാനില്‍ നടത്തുക.

ഹുബൈ പ്രവിശ്യയിലുള്ള വുഹാനിലെ മൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതുന്നത്. ഇവിടെനിന്നാണ് കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടര്‍ന്നതെന്നായിരുന്നു നിഗമനം. ഇതു സംബന്ധിച്ചാവും സംഘം അന്വേഷണം നടത്തുക. കോവിഡ് ഉത്ഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നത് രോഗത്തിന്റെ ഉറവിടം കണ്ടെത്തി ചൈനയെ കുറ്റപ്പെടുത്താനല്ലെന്നും മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ ഉണ്ടാകുന്നത് തടയാനാണെന്നും അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഡോ ഫാബിയന്‍ ലീന്‍ഡര്‍റ്റ്‌സ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here