ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ബംഗ്ലദേശിനെ ഇന്ത്യ 45 റൺസിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും (55 പന്തിൽ 83) ഹാർദിക് പാണ്ഡ്യ 18 പന്തിൽ നേടിയ 31 റൺസിന്റെയും മികവിൽ 20 ഓവറിൽ ആറു വിക്കറ്റിന് 166 റൺസെടുത്തു. ബംഗ്ലദേശിന്റെ മറുപടി 20 ഓവറിൽ ഏഴിന് 121ൽ അവസാനിച്ചു. ഉജ്വല അർധസെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്സിനെ തോളിലേറ്റിയ രോഹിത് ശർമയാണ് കളിയിലെ കേമൻ. ശനിയാഴ്ച ബന്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം.

ഇന്ത്യ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ ബംഗ്ലദേശിന് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ നെഹ്റയാണ് ബംഗ്ലദേശിനെ തകർത്തത്. സാബിർ റഹ്മാൻ 32 പന്തിൽ 44 റൺസ് നേടി. മൂന്നു പന്തിൽ ഒരു റണ്ണെടുത്ത ഓപ്പണർ മുഹമ്മദ് മിഥുന്‍ , സൗമ്യ സർക്കാർ , ഇംറുൾ കയിസ് , ഷാക്കിബ് അൽഹസൻ, മഹ്മൂദുല്ല , മഷ്റഫെ മൊർത്താസ എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി നെഹ്റ മൂന്നും ബുംമ്ര, അശ്വിൻ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഷാക്കിബ് അൽഹസൻ റണ്ണൗട്ടായി. മുഷ്ഫിഖുർ റഹിം 17 പന്തിൽ 16 റൺസോടെയും തസ്കിൻ അഹമ്മദ് 15 പന്തിൽ 15 റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തെ, അർധസെഞ്ചുറി നേടിയ രോഹിത് ശർമയുടെയും (55 പന്തിൽ 83) ഹാർദിക് പാണ്ഡ്യയുടെയും (18 പന്തിൽ 31) മികവിലാണ് ബംഗ്ലദേശിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്കെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ബംഗ്ലദേശ് ബോളർമാർ തുടക്കത്തിൽ വലച്ചെങ്കിലും പതറാതെ പൊരുതിയ രോഹിതിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ടിന് തിരികൊളുത്തിയ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ ഇന്ത്യ കുറിച്ചത് 20 ഓവറിൽ ആറു വിക്കറ്റിന് 166 റൺസ്. 55 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. പാണ്ഡ്യ നാലു ബൗണ്ടറിയും ഒരു സിക്സും നേടി. ട്വന്റി20യിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന ഉയർന്ന നാലാമത്തെ സ്കോറാണ് രോഹിതിന്റെ 83. ബംഗ്ലദേശിനായി അൽ അമിൻ ഹുസൈൻ മൂന്നും ഷാക്കിബ് അൽ ഹസൻ, മഷ്റഫെ മൊർത്താസ, മഹ്മൂദുല്ല എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here