ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കു അഞ്ചു വിക്കറ്റ് ജയം. ജയിക്കാൻ 84 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 15-3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടമായതുമുതൽ കൂടെക്കൂടിയ നിർഭാഗ്യം കളിയുടെ ഒടുക്കം വരെ പാക്കിസ്ഥാനെ വിടാതെ പിടികൂടിയതോടെ 17.3 ഓവറിൽ അവർക്ക് നേടാനായത് 83 റൺസ് മാത്രം. പാക്ക് നിരയിൽ രണ്ടക്കം കടന്നത് രണ്ടു പേർ. 25 റൺസ് നേടിയ സർഫ്രാസ് ഖാൻ കഴിഞ്ഞാൽ പാക്ക് ഇന്നിങ്സിലെ ‘ടോപ്സ്കോറർ’ ഇന്ത്യൻ ബോളർമാർ എക്സ്ട്രാ ഇനത്തിൽ കനിഞ്ഞുനൽകിയ 15 റൺസ്. മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ ബോളർമാരും അണുവിട തെറ്റാത്ത ഫീൽഡിങ്ങുമായി കളം നിറഞ്ഞ ടീം ഇന്ത്യയുടെ യുവ ഫീൽഡർമാരുമാണ് പാക്ക് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 24 പന്തിൽ 25 റണ്‍സ് നേടിയ സർഫ്രാസ് ഖാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ

ഇന്ത്യയ്ക്കായി പന്തെടുത്ത ആറു പേരിൽ അശ്വിനൊഴികെ അഞ്ചു പേർക്കും വിക്കറ്റ് ലഭിച്ചു. പാണ്ഡ്യ മൂന്നും ജഡേജ രണ്ടും നെഹ്റ, ബുംമ്ര, യുവരാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 3.3 ഓവറിൽ എട്ടു റൺസ് മാത്രം വിട്ടുനൽകിയാണ് പാണ്ഡ്യ മൂന്നു വിക്കറ്റ് പിഴുതത്. ഖുറാം മൻസൂർ, അഫ്രീദി എന്നിവർ റണ്ണൗട്ടായി. ഖുറാം മൻസൂറിനെ നേരിട്ടുള്ള ഏറിലൂടെ കോഹ്‍ലിയും അഫ്രീദിയെ ജഡേജയുടെ ത്രോയിൽ ധോണിയുമാണ് പുറത്താക്കിയത്.

ഇന്നിങ്സിന്റെ രണ്ടാം പന്തിൽത്തന്നെ ബൗണ്ടറി കണ്ടെത്തിയ മുഹമ്മദ് ഹഫീസിലൂടെ പാക്കിസ്ഥാൻ മികച്ച തുടക്കമിട്ടെങ്കിലും നാലാം പന്തിൽ ഹഫീസിനെ ധോണിയുടെ കൈകളിലെത്തിച്ച് നെഹ്റയുടെ കിടിലൻ പ്രകടനം. തുടർന്നങ്ങോട്ട് പാക്കിസ്ഥാൻ ആരാധകർക്ക് ഓർമിക്കാനുതകുന്ന നിമിഷങ്ങൾ മൽസരത്തിൽ പിറന്നത് അത്യപൂർവമായി മാത്രം. നാലാം ഓവറിൽ ഷർജീൽ ഖാനെ മടക്കി ബുംമ്ര ഇന്ത്യയ്ക്ക് അടുത്ത വിക്കറ്റ് സമ്മാനിച്ചു. പന്തെടുത്തവെല്ലാം മികവു കാട്ടിയതോടെ ഇന്ത്യയ്ക്കെതിരെ പിടിച്ചു നിൽക്കാൻ പാടുപെടുന്ന പാക്ക് ബാറ്റ്സ്മാൻമാരുടെ തത്രപ്പാട് ഇന്ത്യൻ ആരാധകരെ പോലും വേദനിപ്പിച്ചിരിക്കണം.

വിക്കറ്റ് കളയാതെ ഒരറ്റം കാത്തുവന്ന ഖുറാം മൻസൂറിനെ സ്കോർ 32ൽ നിൽക്കെ നേരിട്ടുള്ള ഏറിൽ വിരാട് കോഹ്‌ലി റണ്ണൗട്ടാക്കിയതോടെ പാക്കിസ്ഥാന്റെ അവശേഷിച്ച ആത്മവിശ്വാസവും നഷ്ടമായി. പുറത്താകുമ്പോൾ മൻസൂറിന്റെ നേട്ടം 18 പന്തിൽ 10 റൺസ്. പിന്നാലെ ഇന്ത്യയുടെ ‘മരുമകൻ’ ഷോയ്ബ് മാലിക്കിനെ ഹാർദിക് പാണ്ഡ്യ ധോണിയുടെ കൈകളിലെത്തിച്ചു. ഉമർ അക്മൽ വന്നതും പോയതും ഒരുമിച്ച്. നാലു പന്തിൽ മൂന്നു റൺസെടുത്ത മാലിക്കിനെ തന്റെ ആദ്യ പന്തിൽത്തന്നെ യുവരാജ് മടക്കി. അനാവശ്യ റണ്ണിന് ശ്രമിച്ച നായകൻ ഷാഹിദ് അഫ്രീദിയെ ജഡേജയുടെ ത്രോയിൽ ധോണി കൂടാരം കയറ്റുമ്പോൾ പാക്ക് സ്കോർ എട്ട് ഓവറിൽ 42 മാത്രം.

ഒരറ്റത്ത് ഭേദപ്പെട്ട കളി കെട്ടഴിച്ച് 24 പന്തിൽ 25 റണ്‍സ് നേടിയ സർഫ്രാസ് ഖാനെ ജഡേജ ക്ലീൻ ബോൾഡാക്കി. വഹാബ് റിയാസിനെ (12 പന്തിൽ 4) ജഡേജയും മുഹമ്മദ് സമി (16 പന്തിൽ എട്ട്), മുഹമ്മദ് ആമിർ (ഒരു പന്തിൽ ഒന്ന്) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പാണ്ഡ്യയും മടക്കിയതോടെ പാക്ക് തകർച്ച സമ്പൂർണം

മറുപടി ബാറ്റിങ്ങിനു കൂളായി ഇറങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ചങ്കിടിക്കുന്നതാണ് കണ്ടത്. നേരിട്ട ആദ്യ പന്തിൽ അതിശക്തമായ അപ്പീലിനെ അതിജീവിക്കാൻ രോഹിത് ശർമയക്കായി. എന്നാൽ രണ്ടാമത്തെ പന്തിൽ പുറത്ത്. ആദ്യ ഓവറിൽ സംഹാരതാണ്ഡവമാടുന്ന മുഹമ്മദ് ആമിറിനെയാണ്് കാണാനായത്. ഇന്നിങ്സിന്റെ ആദ്യ ഓവറിൽത്തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും (0) അജിങ്ക്യ രഹാനയേയും (0) പുറത്താക്കി മുഹമ്മദ് ആമിർ പാക്കിസ്ഥാന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒത്തുകളിയ്ക്ക് വിലക്ക് നേരിട്ട ശേഷം ടീമിലേക്ക് തിരിച്ചെത്തിയ താരമാണ് മുഹമ്മദ് ആമിർ.

എട്ടു റൺസിനിടെ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റുകൾ നഷ്ടമായി. മുഹമ്മദ് ആമിറിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് സുരേഷ് റെയ്നയും കാര്യമായ സംഭാവന നൽകാനാവാതെ (നാലു പന്തിൽ ഒന്ന്) പുറത്തായി. തുടർന്നു വിരാട് കോഹ്‌ലി-യുവരാജ് സിങ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കു തുണയായത്. പാക് ബോളർമാരുടെ മൂർച്ചയേറിയ പന്തുകൾക്കു മുന്നിൽ പതറാതെ സംയമനത്തോടെ ഇരുവരും ബാറ്റ് വീശി. വിക്കറ്റ് കളയാതെ റൺറേറ്റ് താഴാതെ നിലനിർത്താൻ ഇരുവരും ശ്രദ്ധിച്ചു. എന്നാൽ കോഹ്‌ലിയും (49) പാണ്ഡ്യയും (0) അടുത്തടുത്ത് പുറത്തായതു ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. എന്നാൽ ധോണിയും യുവരാജും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. യുവരാജ് 14 ഉം ധോണി ഏഴും റൺസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here