ഓര്‍മയില്ലേ പണ്ടൊരിക്കല്‍ ‘സച്ചിന്‍ ആരാ’ എന്ന് ചോദിച്ച ഒരു പാവം കായികതാരത്തെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടത് ?! അതേയതേ, മരിയ ഷറപ്പോവ തന്നെ ആള്‍! രണ്ടു കൊല്ലം ആവാറായിട്ടും സച്ചിന്‍ ഫാന്‍സിന് ആ ചോദ്യം അങ്ങനെ മറന്നു കളയാനൊന്നും കഴിയുന്നില്ല. ഇതിനിടെ അവസരം നോക്കി ഇരിക്കവേയാണ് മരിയ ഷറപ്പോവ നിരോധിത മരുന്നുപയോഗത്തിനു പുറത്തായത്! അതോടെ ശവത്തില്‍ കുത്താന്‍ വീണ്ടും വടിവാളുമായി തക്കം പാര്‍ത്തിരുന്നവര്‍ എല്ലാം ഈ വഴിയേ വീണ്ടും വന്നുതുടങ്ങി!

സച്ചിന്‍ ദൈവം ആണെന്നും ദൈവത്തിനോട് കളിച്ചാല്‍ ഇങ്ങനിരിക്കും എന്നൊക്കെയാണ് ട്വിറ്ററില്‍ നിറയുന്ന കമന്റുകള്‍. ക്രിക്കറ്റിലെ ദൈവത്തെ അവഹേളിച്ചതിനു ഷറപ്പോളയ്ക്ക് സാക്ഷാൽ ദൈവം നൽകിയ ശിക്ഷയാണ് ഇതെന്നും ചില ആരാധകർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
WhoisSachinTendulkar എന്ന പേരില്‍ പ്രചരിക്കുന്ന ഈ കാമ്പയിനില്‍ ഷറപ്പോവയ്ക്ക് തിരിച്ചടി കിട്ടിയതില്‍ സന്തോഷിക്കുന്ന ആയിരക്കണക്കിന് ആരാധകര്‍ നടത്തുന്ന രസകരമായ അഭിപ്രായപ്രകടനങ്ങള്‍ കാണാം.
മെലഡോണിയം എന്ന നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഷറപ്പോവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തപ്പെട്ടിരുന്നു. ഈ മരുന്ന് ഉപയോഗിക്കാന്‍ പാടില്ലാത്തവയുടെ ലിസ്റ്റില്‍ പെട്ടതാണെന്ന് തനിക്കറിയില്ലായിരുന്നു എന്ന് തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ ഷറപ്പോവ പറഞ്ഞു. താന്‍ ഈ മരുന്ന് 2006 മുതല്‍ ഉപയോഗിക്കുന്നതാണെന്നും ഷറപ്പോവ പറയുന്നു. താന്‍ എന്തുകൊണ്ടാണ് ഇത് ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ച് ആരാധകര്‍ക്കായുള്ള തുറന്ന കത്ത് ഷറപ്പോവ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

സച്ചിനെ അറിയാത്ത ഷറപ്പോവയ്ക്ക് അങ്ങനെ തന്നെ വേണം എന്നാണ് ഇന്ത്യന്‍ ആരാധകരുടെ പക്ഷം. ഒരിക്കലും മാപ്പുകൊടുക്കാന്‍ വയ്യാത്ത കുറ്റമായി ഷറപ്പോവയ്ക്കു മേല്‍ ആ ചോദ്യം എന്നും ഉണ്ടാവുമോ? കണ്ടറിയുക തന്നെ വേണം !

LEAVE A REPLY

Please enter your comment!
Please enter your name here