ലൈംഗികാതിക്രമാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നാലെ ശക്തമായ കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഇന്ത്യയ്ക്ക് കോമൺവെൽത്ത് ​ഗെയിംസിലും ഏഷ്യൻ ​ഗെയിംസിലും സ്വർണം നേടിയ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും തിരികെ നൽകി. വിനേഷ് ഫോഗട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലെ കർത്തവ്യപഥ് റോഡില്‍ ഫലകം വെച്ച് മടങ്ങുകയായിരുന്നു. നേരത്തെ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുന്നതായി അറിയിച്ച് വിനേഷ് ഫോഗട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ഡിസംബര്‍ 21നാണ് ആരോപണം നേരിടുന്ന മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. പുതിയ ഫെഡറേഷന്‍ തിരഞ്ഞെടുത്ത് നിമിഷങ്ങള്‍ക്കകം തന്നെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിക്കുന്നെന്ന് പ്രഖ്യാപിച്ചു. ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് ബജ്‌റംഗ് പൂനിയയും വിജേന്ദര്‍ സിംഗും പത്മശ്രീ തിരികെ നല്‍കിയും പ്രതിഷേധം രേഖപ്പെടുത്തിരുന്നു.

പ്രതിഷേധം കനത്തതോടെ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന്‍ സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. പിന്നാലെ ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭൂപീന്ദര്‍ സിംഗ് ബജ്വ അധ്യക്ഷനായ മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here