അമേരിക്കയിൽ വാഹനാപകടം; ബന്ധുക്കളെ കണ്ടു മടങ്ങുമ്പോൾ നാലംഗ ഇന്ത്യൻ കുടുംബം കൊല്ലപ്പെട്ടു

ഗ്രീൻ കൗണ്ടി : അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ ഭീകര വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരണപ്പെട്ടത്.
അറ്റ്ലാന്റയിൽ താമസിക്കുന്ന ബന്ധുക്കളെ സന്ദർശിച്ച ശേഷം ഡാലസിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ ഒരു മിനി ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. തീയിൽ പെട്ട് കുടുംബത്തിലെ നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തെ തുടർന്ന് മൃതദേഹങ്ങൾ കത്തി തിരിച്ചറിയാൻ സാധിക്കാതെ പോയതോടെ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കേണ്ടിവന്നു. ഡിഎൻഎ പരിശോധന കഴിഞ്ഞ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. പിന്നീട് ഇന്ത്യയിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അവധിക്കാലം ആഘോഷിക്കാൻ കുടുംബം യുഎസിലേക്ക് എത്തിയതായിരുന്നു. ബന്ധുക്കളെ കണ്ടുമടങ്ങുമ്പോഴുണ്ടായ ഈ ദാരുണ അപകടം സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ഹൃദയം ഭേദിച്ചിരിക്കുകയാണ്.




