വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഹെലികോപ്റ്റർ അപകടം; വരനും മൂന്ന് ബന്ധുക്കളും മരിച്ചു.

അരിസോണ : വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഉണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ പ്രതിശ്രുത വരനും മൂന്ന് ബന്ധുക്കളും മരിച്ചു. ജോയെലീൻ ലിൻസ്ട്രോമുമായുള്ള വിവാഹത്തിനായി ഒരുക്കങ്ങൾ പുരോഗമിക്കവെ, വരനായ ഡേവിഡ് മക്കാർട്ടി (59)യും ബന്ധുക്കളായ റേച്ചൽ (23), ഫെയ്ത്ത് (21), കാറ്റലിൻ ഹൈഡ്മാൻ (22) എന്നിവരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അരിസോണയിലെ സുപ്പീരിയറിനടുത്തുള്ള ടെലിഗ്രാഫ് കാന്യോണിൽ തകർന്നുവീണതാണ് ദുരന്തത്തിന് കാരണമായത്.
രാവിലെ 11 മണിയോടെയാണ് ഹെലികോപ്റ്റർ പർവതങ്ങൾക്ക് കുറുകെ കെട്ടിയിട്ടിരുന്ന ‘സ്ലാക്ക് ലൈൻ’ എന്ന കേബിളിൽ ഇടിച്ച് അപകടം സംഭവിച്ചത്. വൈകുന്നേരം 5 മണിയോടെ തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
മരിച്ച യുവതികളിൽ രണ്ട് പേർ ഡേവിഡ് മക്കാർട്ടിയുടെ സഹോദരപുത്രിമാരും ഒരാൾ സഹോദരിയുടെ മകളുമാണെന്ന് റിപ്പോർട്ടുകളുണ്ട്. പരിചയസമ്പന്നനായ പൈലറ്റായിരുന്നു ഡേവിഡ് മക്കാർട്ടി, ഹെലികോപ്റ്റർ പറത്തിയിരുന്നതും അദ്ദേഹമായിരുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ), നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) എന്നിവ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പർവതങ്ങൾക്ക് കുറുകെ കെട്ടിയ ‘സ്ലാക്ക് ലൈൻ’ തന്നെയാണ് അപകടത്തിന് കാരണമെന്നതാണ് പ്രാഥമിക നിഗമനം. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങൾക്കിടയിൽ ഉണ്ടായ ഈ ദുരന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും അഗാധമായ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.




