CrimeKeralaLatest NewsNewsObituaryPolitics

ബിസിനസ് ബന്ധങ്ങളും ദുബായ് പാർട്ടിയും; കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ സി.ജെ.റോയിയെ കേന്ദ്ര ഏജൻസികൾ പിന്തുടർന്നതെന്ത്?

കൊച്ചി : കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ സി.ജെ.റോയിയെ ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ തുടർച്ചയായി നിരീക്ഷിച്ചതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദുബായിലേക്കുള്ള റോയിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ച് ഐടി വകുപ്പ് സംശയം പ്രകടിപ്പിച്ചെങ്കിലും, അതിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

കോർപറേറ്റ് ഓഫീസുകൾ പ്രധാനമായും ബെംഗളൂരുവിലായിരുന്നിട്ടും, കർണാടക ഐടി ഉദ്യോഗസ്ഥരെ ഒഴിവാക്കി കൊച്ചിയിലെ ഐടി യൂണിറ്റാണ് പരിശോധനകളും അന്വേഷണങ്ങളും നടത്തിയത്. റോയിയുടെ അസ്വാഭാവിക മരണത്തിനു ശേഷവും ഈ വിഷയത്തിൽ ആദായനികുതി വകുപ്പോ മറ്റ് കേന്ദ്ര ഏജൻസികളോ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

ബിസിനസ് ദുബായിലേക്കു കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ റോയ് ദുബായിൽ വലിയൊരു പാർട്ടി സംഘടിപ്പിച്ചിരുന്നു. മലയാള ചലച്ചിത്രരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഈ പരിപാടിയിൽ പങ്കെടുത്തു. ഈ പാർട്ടിയിൽ പങ്കെടുത്ത ചിലരെ പിന്നീട് ആദായനികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റോയിയുമായി അടുത്ത ബന്ധമുള്ള ചിലരെ ഏജൻസികൾ ചോദ്യം ചെയ്തത്.

റോയിയുടെ മരണത്തോടെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി പേർ ആശങ്കയിലാണ്. പദ്ധതികൾക്കായി ഭൂമി വിട്ടുനൽകി നിർമാണം ആരംഭിക്കാനായി കാത്തിരുന്നവരും, ദുബായിൽ നിന്നുള്ള നിക്ഷേപങ്ങൾ പ്രതീക്ഷിച്ചവരും അനിശ്ചിതത്വത്തിലായി. കേരളത്തിലെ പദ്ധതികൾക്കായി വിദേശ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ റോയ് നേരിട്ട് സജീവമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Show More

Related Articles

Back to top button