കാലിഫോർണിയയിൽ യുവജന നേതാവും സംഗീതജ്ഞനുമായ ജസ്റ്റിൻ പറമ്പത്ത് (43) അന്തരിച്ചു.

കാലിഫോർണിയ: ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വാർ-ൽ സിവിലിയൻ എഞ്ചിനിയറായി സേവനമനുഷ്ഠിച്ചിരുന്ന യുവജന നേതാവും കലാസാംസ്കാരിക പ്രവർത്തകനുമായ ജസ്റ്റിൻ പറമ്പത്ത് (43) കാലിഫോർണിയയിൽ അന്തരിച്ചു. ഫിലഡൽഫിയയിലെ ആദ്യകാല മലയാളികളിൽ ഒരാളും മലങ്കര ആർച്ച് ഡയോസിസ് മുൻ കൗൺസിൽ അംഗവുമായ റവ. ഡീക്കൻ ഷെവലിയർ വർഗീസ് പറമ്പത്തിന്റെയും സാറാമ്മ പറമ്പത്തിന്റെയും മകനാണ്.
അനുഗ്രഹീത കലാകാരനും സംഗീതജ്ഞനും ആത്മാർഥ യുവജന പ്രവർത്തകനുമായിരുന്ന ജസ്റ്റിൻ, മലങ്കര ആർച്ച് ഡയോസിസിന്റെ യുവജന പോഷക സംഘടനയായ എംജിഎസ്ഒഎസ്എയുടെ ട്രഷററായി 2008 മുതൽ 2012 വരെ പ്രവർത്തിച്ചിരുന്നു. മികച്ച പിയാനിസ്റ്റായിരുന്ന അദ്ദേഹം സിറിയൻ ഓർത്തഡോക്സ് സഭയുടെ പൗരാണിക ആരാധന സംഗീതത്തെ ആധാരമാക്കി വി. കുർബാനയുടെയും മറ്റ് ശുശ്രൂഷകളുടെയും ഗീതങ്ങൾ മനോഹരമായി ചിട്ടപ്പെടുത്തി. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം നിരവധി വർഷങ്ങളായി അതിഭദ്രാസന ഫാമിലി കോൺഫറൻസുകളിലും വിവിധ സഭാചടങ്ങുകളിലും ഗാനശുശ്രൂഷ നിർവഹിച്ചിരുന്നു.
ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലും സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലും ദീർഘകാലം പിയാനിസ്റ്റായി നിസ്തുല സേവനം അനുഷ്ഠിച്ചിരുന്ന ജസ്റ്റിൻ, ഫിലഡൽഫിയയിലെ ഡ്രെക്‌സൽ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി ശേഷമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് വാർ-ലേക്ക് ചേർന്നത്.
ജെസിക്ക റെന്നിംഗറും മാത്യു പറമ്പത്തും സഹോദരങ്ങളാണ്. ജോർഡൻ റെന്നിംഗറും ജോസലിൻ റെന്നിംഗറും സഹോദരീ പുത്രരാണ്. സംസ്കാരം പിന്നീട് ഫിലഡൽഫിയയിൽ നടക്കുമെന്ന് അറിയിച്ചു. ജസ്റ്റിന്റെ അകാലവിയോഗത്തിൽ മലങ്കര ആർച്ച് ഡയോസിസ് ഭാരവാഹികളും ഭക്തസംഘടനാ പ്രതിനിധികളും സാംസ്കാരിക-സാമൂഹിക സംഘടനാ നേതാക്കളും ആഴത്തിലുള്ള അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.




