KeralaLatest News

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ത്രീഡി പ്രിന്റഡ് ഡെമോക്രസി മെമെന്റോ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ സ്ഥാപിച്ച ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ആദരിക്കുന്ന 3ഡി പ്രിന്റഡ് ഡെമോക്രസി മെമെന്റോയുടെ അനാച്ഛാദനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരളത്തില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു പോലും മാതൃകയായിട്ടാണ് നടക്കാന്‍ പോകുന്നതെന്നും കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍.യു.കേല്‍ക്കറിന്റെ നേതൃത്വത്തിലാണ് സെന്ററില്‍ മെമെന്റോ സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങിന് മുന്നോടിയായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷി കുട്ടികള്‍  ഇലക്ഷന്‍ കമ്മീഷന്‍ തീം സോംഗ് അവതരിപ്പിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശകര്‍ക്ക് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് മെമെന്റോ സ്ഥാപിച്ചത്.  ചടങ്ങില്‍ അഡീഷണല്‍ സി.ഇ.ഒമാരായ പി.ബി നൂഹ് ഐ.എ.എസ്, ജെറോമിക് ജോര്‍ജ് ഐ.എ.എസ്, ശര്‍മിള.സി, ഡെപ്യൂട്ടി സി.ഇ.ഒമാരായ ഹര്‍ഷില്‍.ആര്‍.മീണ ഐ.എ.എസ്, മിഷല്‍ ഭാരത് സാഗര്‍ ഐ.എ.എസ്, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, മീഡിയ ഡയറക്ടര്‍ നന്ദഗോപാല്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ഇതിന് മുമ്പ് കേരളത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഈ മെമെന്റോ സ്ഥാപിച്ചിട്ടുള്ളത്. മറ്റ് വിമാനത്താവളങ്ങളിലും വരും ദിനങ്ങളില്‍ സ്ഥാപിക്കും.

Show More

Related Articles

Back to top button