ഓട്ടോമോട്ടീവ് ലൂബ്രിക്കന്റുകളുടെ പുനരുപയോഗത്തിനായി എച്ച്പിസിഎല്ലും ടാറ്റ മോട്ടോഴ്സും പങ്കാളിത്തത്തില്‍.

കൊച്ചി : ഉപയോഗിച്ചു കഴിഞ്ഞ ഓട്ടോമോട്ടീവ് ലൂബ്രിക്കന്റുകളുടെ ശേഖരണത്തിനും പുനരുപയോഗത്തിനുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്പിസിഎല്‍), ടാറ്റ മോട്ടോഴ്സും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.അപകടകരമായ മാലിന്യങ്ങളായി തരംതിരിച്ചിരിക്കുന്ന ഉപയോഗിച്ച ലൂബ്രിക്കന്റുകളുടെ ശേഖരണം, സംഭരണം എന്നിവ മുതല്‍ പുനരുപയോഗം വരെ കൈകാര്യം ചെയ്യുന്നതിനായി ഒരു സംഘടിത സംവിധാനം സ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഉപയോഗിച്ച ലൂബ്രിക്കന്റുകളെ ഉയര്‍ന്ന നിലവാരമുള്ള ശുദ്ധീകരിച്ച എണ്ണയായി പരിവര്‍ത്തനം ചെയ്യാനും, വിഭവ കാര്യക്ഷമത മെച്ചപ്പെടുത്താനും, പാരിസ്ഥിതിക അപകടസാധ്യത കുറയ്ക്കാനും ഈ പ്രക്രിയ സഹായിക്കും. അംഗീകൃത ശേഖരണ സംവിധാനങ്ങളിലൂടെ ഉപയോഗിച്ച ലൂബ്രിക്കന്റുകളുടെ സംയോജനവും ഗതാഗതവും എച്ച്പിസിഎല്‍ ഉറപ്പാക്കും. ഉത്തരവാദിത്തമുള്ള നിര്‍മാര്‍ജന രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ടാറ്റ മോട്ടോഴ്സ് അതിന്റെ വിപുലമായ അംഗീകൃത സേവന ശൃംഖലയെ പ്രയോജനപ്പെടുത്തും. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും.




