അമേരിക്കയുടെ 250-ാം വാർഷികം: ട്രംപിന് ബെൽജിയത്തിൽ നിന്ന് വജ്ര-രത്നങ്ങൾ പതിച്ച പ്രത്യേക സ്വർണമോതിരം; ഔദ്യോഗിക കൈമാറ്റം ഇനിയും ബാക്കി

വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷ ത്തോടനുബന്ധിച്ച് ബെൽജിയത്തിലെ ആന്റ്‍വർപ്പ് വേൾഡ് ഡയമണ്ട് സെന്റർ (AWDC) പ്രസിഡന്റ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വജ്രങ്ങളും വിലയേറിയ രത്നങ്ങളും പതിച്ച 18 കാരറ്റ് സ്വർണമോതിരം സമ്മാനിച്ചു.
ബ്രസൽസിൽ നടന്ന അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് സമ്മാനത്തിന് നന്ദി അറിയിച്ചത്. ബെൽജിയത്തിലെ അമേരിക്കൻ അംബാസഡർ ബിൽ വൈറ്റിനെയും ചടങ്ങിൽ പങ്കെടുത്തവരെയും അഭിവാദ്യം ചെയ്ത അദ്ദേഹം, ആന്റ്‍വർപ്പിലെ സുഹൃത്തുക്കൾ നൽകിയ ഈ “ഗംഭീര സമ്മാനത്തിന്” പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
ബെൽജിയവും അമേരിക്കയും തലമുറകളായി സ്വാതന്ത്ര്യം, ജനാധിപത്യം, സ്വയംഭരണം എന്നീ മൂല്യങ്ങൾ ഒരുമിച്ച് ഉയർത്തിപ്പിടിച്ചുവരികയാണെന്നും, സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ ആദർശങ്ങൾ സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും കൈകോർത്ത് പ്രവർത്തിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ട്രംപിന് കൈമാറാനായി മോതിരം ഏറ്റുവാങ്ങിയ ബെൽജിയത്തിലെ അമേരിക്കൻ അംബാസഡർ ബിൽ വൈറ്റ്, ഇത് അമേരിക്കയും ബെൽജിയവും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ പ്രതീകമാണെന്ന് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. എത്രയും വേഗം മോതിരം ട്രംപിന് കൈമാറി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രദർശിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
18 കാരറ്റ് സ്വർണത്തിൽ നിർമിച്ച മോതിരത്തിൽ 321 വജ്രങ്ങൾ, 56 നീലക്കല്ലുകൾ, 13 മരതകങ്ങൾ, ആറ് മാണിക്യങ്ങൾ എന്നിവ പതിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ ദേശീയപതാകയുടെ രൂപകൽപ്പനയ്‌ക്കൊപ്പം 1776, 2026 എന്നീ വർഷങ്ങളും “250 YEARS USA” എന്ന ആലേഖനവും മോതിരത്തിലുണ്ട്. ആന്റ്‍വർപ്പിലെ പ്രശസ്ത ആഭരണ ഡിസൈനറായ ഡേവിഡ് ഗോട്‌ലിബാണ് ഈ പ്രത്യേക മോതിരം രൂപകൽപ്പന ചെയ്തത്.
അതേസമയം, സമ്മാനം ഇതുവരെ ഔദ്യോഗികമായി ട്രംപിന് കൈമാറിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. വിദേശ സർക്കാരുകളുടെയോ വിദേശ സ്ഥാപനങ്ങളുടെയോ ഭാഗത്തുനിന്നുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കൻ നിയമങ്ങളും ഭരണഘടനാപരമായ നടപടിക്രമങ്ങളും പാലിച്ച ശേഷമേ മോതിരം ഔദ്യോഗികമായി സ്വീകരിക്കാനാകൂവെന്നാണ് റിപ്പോർട്ടുകൾ.




