മിക്ക പരീക്ഷാഫലങ്ങളെയും നിയന്ത്രിക്കുന്നത് ചില യാദൃച്ഛികതകളായിരിക്കും. നിശ്ചിത സമയപരിധി, ലഭിച്ചിരിക്കുന്ന ചോദ്യങ്ങളുടെ സ്വഭാവം, അവയുമായുള്ള പരിചയം തുടങ്ങി പലതും ഈ യാദൃച്ഛികതകളെ നിയന്ത്രിക്കുന്നുണ്ട്. ചിലപ്പോള്‍ ഉത്തരങ്ങള്‍ സുപരിചിതമാകും; ചിലപ്പോള്‍ നേരെ മറിച്ചും; മറ്റു ചിലപ്പോള്‍ ഇത് ശരാശരി നിലയിലുമാകും. സമയബന്ധിതമായി നടക്കുന്ന പരീക്ഷകളെല്ലാം യാദൃച്ഛികതകള്‍ക്ക് വിധേയമാണ്. ഹൃദിസ്ഥമാക്കിയ അറിവുകള്‍ അതേപടി പ്രകടിപ്പിക്കാനുള്ള ചോദ്യങ്ങളും അതിന്റെ പ്രായോഗികതലം പരിശോധിക്കാനുള്ള ചോദ്യങ്ങളും അധ്യാപകര്‍ക്കുള്ള പരീക്ഷകളില്‍ കാണും. അറിവിന്റെ കേവലമായ പ്രകടനം, അറിവുകളെ വിശകലനം ചെയ്തുകൊണ്ടുള്ള സ്വന്തം നിഗമനങ്ങള്‍, അറിവുകളുടെ പ്രയോഗതലം എന്നിങ്ങനെ പരിശോധിക്കുന്ന ചോദ്യങ്ങളും കാണും. ഇതില്‍ ഒന്നാമത്തെ വിഭാഗത്തിലാണ് യാദൃച്ഛികതാഘടകം ഏറെ സ്വാധീനിക്കുന്നത്.
അറിവിന്റെ പ്രയോഗം
താന്‍ ഏര്‍പ്പെടുന്ന സേവനമേഖലയില്‍, പരിശീലനകാലത്ത് ആര്‍ജിച്ച അറിവുകള്‍ പ്രയോഗിക്കുന്നതിനുള്ള ഉള്ളടക്കമാണ് അധ്യാപകയോഗ്യതാ നിര്‍ണയ പരീക്ഷകളിലുള്ളത്. ഉദാഹരണമായി ചെറിയ കുട്ടികളില്‍ ശ്രദ്ധാ ദൈര്‍ഘ്യം പൊതുവെ കുറവാണ് എന്ന പാഠം, ശിശുവികാസഘട്ടങ്ങളുടെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. അത് പരിശീലന (ടി.ടി.സി./ബി.എഡ്.) കാലത്ത് പഠിക്കുകയും ചെയ്യുന്നു. എന്തിനാണ് ഈ പഠനം? ഭാവിയില്‍ കുട്ടികള്‍ക്കുവേണ്ടി പാഠ്യവസ്തുവായി ആഖ്യാനങ്ങളോ കഥകളോ തിരഞ്ഞെടുക്കുകയോ നിര്‍മിക്കുകയോ ചെയ്യുമ്പോള്‍ അത് അതിദീര്‍ഘങ്ങളാകാതിരിക്കാന്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഈ അറിവ് പ്രയോജനപ്പെടുത്തേണ്ടത്.
അതുകൊണ്ട്, ഈ അറിവ് പരിശോധിക്കാനുള്ള ചോദ്യം ഒരുപക്ഷേ, ഇങ്ങനെയാകാം -”പ്രൈമറി തലത്തിലെ കുട്ടികള്‍ക്കുള്ള കഥകള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തി എന്ന് വിചാരിക്കുക; താഴെ പറയുന്നവയില്‍ ഏതിനാണ് മുഖ്യപ്രാധാന്യം നല്‍കുക/താഴെ പറയുന്നതില്‍ ഏതു കാര്യമാണ് പരിഗണിക്കാതിരിക്കുക? കുട്ടികളുടെ ശ്രദ്ധാദൈര്‍ഘ്യം മാത്രമല്ല ഇവിടെ പരിഗണിക്കേണ്ടിവരിക. തന്നിരിക്കുന്ന ഐച്ഛികങ്ങളില്‍നിന്ന് ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കുകയാണ് ഇത്തരം ചോദ്യങ്ങളെ സംബന്ധിച്ച് വേണ്ടിവരിക.
മറ്റൊരിടത്ത് കൗമാരപ്രായക്കാരുടെ പ്രത്യേകതകള്‍ പഠിക്കുമ്പോള്‍, അത് കേവലസിദ്ധാന്തമായി തോന്നിയിരുന്നോ? കൗമാരത്തിന്റെ സവിശേഷതകള്‍ എങ്ങനെ ക്ലാസ് മുറികളില്‍, വീട്ടില്‍, സമൂഹത്തില്‍ പ്രകടമാകുമെന്നും കൗമാരത്തിന്റെ മനശ്ശാസ്ത്ര-ബോധന-ശാസ്ത്രപരമായ പ്രത്യേകതകളുമായിരിക്കാം ചോദ്യങ്ങളുടെ ഉള്ളടക്കം. ”എന്റെ മകന്‍ നല്ല അനുസരണയുള്ള കുട്ടിയായിരുന്നു, ഞാന്‍ പറയുന്നതേ ചെയ്യാറുള്ളൂ. പത്താംക്ലാസിലെത്തിയതോടെ എല്ലാം അട്ടിമറിഞ്ഞുപോയി, വല്ലാത്ത ധിക്കാരം, എന്തു പറഞ്ഞാലും എതിര്‍പ്പാണ്, ഞാനാകെ തകരുകയാണ്- ഒരമ്മയുടെ പരാതിയാണിത്.
ശിശുവികാസത്തിന്റെയും മനശ്ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ആര്‍ജിച്ച അറിവുകള്‍ വെച്ചുകൊണ്ട്, നിങ്ങള്‍ ആ അമ്മയ്ക്ക് നല്‍കുന്ന മറുപടിയെന്തായിരിക്കും?” എന്ന മട്ടിലായിരിക്കാം ചോദ്യം. കൗമാര മനശ്ശാസ്ത്രത്തെക്കുറിച്ച് ആര്‍ജിച്ച അറിവുകള്‍ എങ്ങനെ വ്യാഖ്യാനിക്കാം, അതുവഴി എപ്രകാരം പ്രയോജനപ്പെടുത്താം എന്നതാകും ഈ ചോദ്യത്തിന്റെ ഉദ്ദേശ്യം. എന്നാല്‍, ബുദ്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആല്‍ഫ്രഡ് ബീനെയുടെ സംഭാവനയെന്ത്? എന്നും ചോദ്യമുണ്ടാകാം.
അത് അറിവിന്റെ കേവലപ്രകടനമാണ് ആവശ്യപ്പെടുന്നത്. ചോദ്യത്തിനനുസരിച്ച് പ്രതികരിക്കേണ്ടിവരുമെന്നര്‍ഥം. പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍നിന്ന് നാം പ്രതീക്ഷിക്കുന്നത് നേടിയ അറിവും പരിചയവും ഭാവിയില്‍ തന്റെ തൊഴില്‍മേഖലയില്‍ ഫലപ്രദമായി പ്രയോഗിക്കുമെന്നാണ്. ആ തൊഴില്‍മേഖലയിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ നടത്തുന്ന പരീക്ഷകളില്‍ ഈ അറിവുകളുടെ പ്രയോഗത്തെ സംബന്ധിച്ച ചോദ്യങ്ങള്‍തന്നെയാണ് പ്രസക്തമാകുന്നത്.
ഭാഷാപരിജ്ഞാനം
അധ്യാപകയോഗ്യതാ നിര്‍ണയ പരീക്ഷകളില്‍ പഠിപ്പിക്കുന്ന ഭാഷകളിലുള്ള പരിജ്ഞാനവും പരീക്ഷയ്ക്ക് വിധേയമാകാറുണ്ട്. ഭാഷാപ്രയോഗവ്യവസ്ഥയില്‍ ഊന്നിയാണ് ചോദ്യങ്ങളില്‍ ഒരു വിഭാഗം. ഇത് വ്യത്യസ്ത ഭാഷകള്‍ക്ക് വ്യത്യസ്തമായിരിക്കുകയും ചെയ്യും. വ്യാകരണനിയമങ്ങള്‍ നേരിട്ട് ചോദിക്കുന്ന രീതി കുറയും. എന്നാല്‍, വാക്യഘടന, വിഭക്തി പ്രത്യയങ്ങള്‍ , ഘടകങ്ങള്‍, ലിംഗപ്രത്യയങ്ങള്‍, വചനപ്രത്യയങ്ങള്‍, കാലപ്രത്യയങ്ങള്‍ തുടങ്ങി ഓരോരോ ഭാഷയും തനതായി സൂക്ഷിച്ചുപോരുന്ന വ്യവസ്ഥകളുണ്ട്. അവ പ്രയോഗിക്കുന്നതെങ്ങനെ എന്ന കാര്യമാണ് ഭാഷയെ ഫലപ്രദമാക്കുന്നത്, ശക്തമാക്കുന്നത്, ഒരുപക്ഷേ, സുന്ദരമാക്കുന്നതും. ഈ പ്രയോഗവൈഭവമാണ് പരിശോധിക്കുന്നത്. Which among the following is the correctly structured sentence? എന്നോ അതിന്റെ തന്നെ മറ്റു ഭാഷയിലുള്ള ചോദ്യങ്ങളോ ആയിരിക്കാം നല്‍കുക. വാക്യഘടനയെ സംബന്ധിച്ചുള്ള നമ്മുടെ അറിവുകളാണ് അത്തരം സന്ദര്‍ഭങ്ങളില്‍ പരിശോധിക്കപ്പെടുന്നത്. പദങ്ങളുടെയും പ്രത്യയങ്ങളുടെയും ശരിയല്ലാത്ത വിന്യാസംകൊണ്ട് അര്‍ഥം നഷ്ടപ്പെട്ടുപോകുന്ന അല്ലെങ്കില്‍ ഉദ്ദേശിച്ച അര്‍ഥം മാറിപ്പോകുന്ന സന്ദര്‍ഭങ്ങളുണ്ട്. അങ്ങനെയുള്ള വാക്യങ്ങള്‍ തിരിച്ചറിയാനുള്ള ചോദ്യങ്ങളായിരിക്കും ആ വിഭാഗത്തില്‍ വരുന്നത്.
ഭാഷാപഠനത്തിലെ സാമാന്യതത്ത്വങ്ങള്‍, അനുക്രമീകരണ തത്ത്വങ്ങള്‍, ഭാഷാവികാസത്തെ ശിശുവികാസവുമായി ബന്ധിപ്പിക്കല്‍, ബോധനശാസ്ത്രപരമായ സിദ്ധാന്തങ്ങള്‍ തുടങ്ങിയവയെല്ലാം പരീക്ഷകളിലെ ചോദ്യങ്ങളില്‍പെടും. എന്നാല്‍ ഇവയിലുള്ള കേവലമായ അറിവല്ല അറിവിന്റെ പ്രയോഗമാണ് പരീക്ഷിക്കുന്നതെന്ന് ശ്രദ്ധിക്കണം. ആര്‍ജിത അറിവുകള്‍ക്കുമേല്‍ നാം വ്യാപിപ്പിച്ചെടുക്കുന്ന ചിന്താപ്രക്രിയയിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളും ധാരണകളും പരീക്ഷകളില്‍ ആവശ്യമായിവരും. മേല്‍പറഞ്ഞതരം അറിവുകളും വിനിമയം ചെയ്യുന്നതിനുള്ള ബോധനശാസ്ത്രപരമായ കാര്യങ്ങള്‍ പരീക്ഷകളില്‍ ഉള്‍പ്പെടുക സ്വാഭാവികമാണ്. വായന (ഗദ്യം, കവിത, നാടകം) യിലൂടെയുള്ള ആശയഗ്രഹണശേഷി, ഭാഷാപ്രാവീണ്യം എന്നിവയും പരിശോധിക്കപ്പെടും.
മറ്റു വിഷയങ്ങളിലേക്ക്
സ്‌കൂള്‍ വിഷയങ്ങളിലെ മറ്റു ധാരാളം അറിവുകളും പരിശോധിക്കപ്പെടും. അറിവിന്റെ പ്രയോഗം, വിലയിരുത്തല്‍, ബോധനശാസ്ത്രപരമായ അംശങ്ങള്‍ എന്നിവയാകും വിലയിരുത്തുന്നത്. ”താഴെ കൊടുത്തിരിക്കുന്ന പ്രവര്‍ത്തനം കുട്ടിയുടെ ഏത് ശേഷി വളര്‍ത്താനുദ്ദേശിച്ചുള്ളതാണ്?” എന്നൊരു ചോദ്യമായാലോ? ശാസ്ത്രവിഷയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൊതുവെ പ്രക്രിയാശേഷികള്‍ വളര്‍ത്തുന്നതിനുള്ളതായിരിക്കും. അതില്‍ പരീക്ഷാര്‍ഥികള്‍ എത്രത്തോളം ധാരണ കൈവരിച്ചിട്ടുണ്ടെന്ന് നിര്‍ണയിക്കുവാനുള്ള ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുക. ശാസ്ത്രവിഷയങ്ങളില്‍ അറിവുകളും ശേഷികളും വളര്‍ത്താനുള്ള പഠനഭാഗങ്ങളാണ് പുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുള്ളത്.
അക്കാര്യങ്ങള്‍ കുട്ടികളില്‍ ഉറപ്പിക്കുന്നതിന് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, രീതികള്‍, അതിനായി ആവിഷ്‌കരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയാകും പരിശോധിക്കപ്പെടുക. അറിവുകള്‍ക്കു പുറമെ ആര്‍ജിക്കേണ്ട കഴിവുകള്‍ ഏതെല്ലാം അവ ആര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം തുടങ്ങി പലതും പരീക്ഷയില്‍ ഇനമായി വരും. ഇവയൊന്നും നേരിട്ടുള്ള ചോദ്യങ്ങളാകില്ല, പ്രയോഗതലം പരിശോധിക്കുന്നവയായിരിക്കും. ശാസ്ത്രവിഷയങ്ങളില്‍ കുട്ടികളുടെ അന്വേഷണത്വര വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുവെ പുസ്തകങ്ങളിലുണ്ടാകുക. ‘അറിവിന്റെ പ്രയോഗം’ എന്നത് ശാസ്ത്രത്തിലെ ഒരു പ്രത്യേക ശേഷിമേഖലതന്നെയാണ്.
നിരീക്ഷണം, വര്‍ഗീകരണം, താരതമ്യം തുടങ്ങിയ ഘട്ടങ്ങളിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളാണ് ശാസ്ത്രപഠനത്തിന്റെ അന്തസ്സത്ത. ഇങ്ങനെ കൈവരിക്കുന്ന നിഗമനങ്ങളിലൂടെ തന്റെ ജീവിതസാഹചര്യങ്ങളെ വ്യാഖ്യാനിക്കാനും അവയോടുള്ള സമീപനങ്ങള്‍ രൂപപ്പെടുത്താനുമാണ് കുട്ടികള്‍ പ്രാപ്തരാകേണ്ടത്. ഈ വഴിക്ക് കുട്ടികളെ നയിക്കാനുള്ള ധാരണാപരമായ വ്യക്തതയും ആശയപരമായ ദാര്‍ഢ്യവും ബോധനശാസ്ത്രപരമായ പിന്‍ബലവുമാണ് യോഗ്യതാപരീക്ഷയില്‍ ശാസ്ത്രവിഭാഗത്തിലൂടെ പരിശോധന നടത്തുന്നത്.

പാഠപുസ്തകപരിചയം
ചോദ്യങ്ങളില്‍ ഉദ്ധരിക്കുന്ന ഉദാഹരണങ്ങള്‍ പലതും നിലവിലുള്ള പാഠപുസ്തകങ്ങളില്‍ നിന്നാകും. കേന്ദ്ര പരീക്ഷയില്‍ എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങളാണ് സ്വീകരിക്കുന്നത്. പുസ്തകത്തിലെ ഉള്ളടക്കം അതിന്റെ ഉയര്‍ന്ന നിലവാരത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് പരീക്ഷയെഴുതാന്‍ സഹായകം.
സമയംതന്നെ പ്രശ്‌നം
150 ചോദ്യങ്ങളുള്ള പരീക്ഷകള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം 150 മിനുട്ടാണ്. 90 മിനുട്ടില്‍നിന്ന് 2013ലാണ് സമയം ഉയര്‍ത്തിയത്. ഓരോ ഘട്ടം പൂര്‍ത്തിയാകുമ്പോഴും സമയത്തെ വിലയിരുത്തുന്നത് നന്നാകും. എളുപ്പമുള്ള ഭാഗം ആദ്യമാദ്യം എഴുതിത്തീര്‍ക്കുന്ന രീതിയും സ്വീകരിക്കാം. ചോദ്യങ്ങള്‍ വായിച്ചുഗ്രഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതാണ് പലരുടെയും പ്രശ്‌നം. ചോദ്യമേഖലകളുമായുള്ള ബന്ധം സമയത്തിന്റെ ഉപയോഗം കുറയ്ക്കും.

(അധ്യാപക യോഗ്യതാ നിര്‍ണയ പരീക്ഷകളിലെ ബോധന ശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ വായനക്ക് 2016-ലെ മാതൃഭൂമി മലയാളം ഇയര്‍ബുക്ക് കാണുക)

LEAVE A REPLY

Please enter your comment!
Please enter your name here