ജ്യോതി ശ്രീനിവാസൻ

സപ്തവർണ്ണങ്ങൾതൻ മോഹത്തുടിപ്പിനാലെന്നുള്ളിലുണ്ടൊരു കവിത
സങ്കൽപ്പത്തേരിലെന്നാശയപ്പൂക്കളാൽ പൊട്ടിവിടരും കവിത

വരികെന്റെ പ്രിയ തോഴി കവിതേ എൻ തൂലികത്തുമ്പിലണിനിരക്കൂ
മനോഞ്ജമാം മാൻമിഴിതുറക്കൂ കാവ്യകല്ലോലിനിയൊഴുക്കൂ

സ്വപ്നങ്ങൾ കാണുവാനാശനൽകൂ പ്രണയനികുഞ്ചമലങ്കരിക്കൂ
ഒരുവനജ്യോത്സനപോൽ പടർന്നിറങ്ങു,
അകതാരിലാനന്ദതിരയിളക്കൂ

സൂര്യകാന്തിപ്പുവിൻ ദാഹമോടെ
അർക്കരശ്മിക്കായി മോഹിച്ചിടൂ
ചന്ദ്രകിരണങ്ങളേറ്റുവാങ്ങി ഒരുനീല താമരയായ് വിരിയൂ

കുയിലമ്മ പാടുന്ന പാട്ടിനൊപ്പം മൂളുന്ന കുഞ്ഞിന്റെ ബാല്യമാവൂ
സ്മരണയിൽ മങ്ങിപ്പിണങ്ങിനിൽക്കും
എന്നോർമ്മതലത്തിൽ നീ
വന്നെത്തിടൂ !!

LEAVE A REPLY

Please enter your comment!
Please enter your name here