കൊച്ചി – സംസ്ഥാനത്തെ 5000 അമ്മമാര്‍ക്ക് സൗജന്യ ഗര്‍ഭാശയ-മൂത്രാശയ രോഗനിര്‍ണയവുമായി വിപിഎസ് ലേക്ഷോര്‍. ആരോഗ്യ ക്യാംപിലൂടെ കണ്ടെത്തുന്ന ഏറ്റവും അര്‍ഹരും ഉടനടി ചികിത്സ വേണ്ടതുമായ 500 സ്ത്രീകള്‍ക്ക് സമ്പൂര്‍ണ ചികിത്സയും നല്‍കും. ആരോഗ്യപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 17ന് എറണാകുളത്തു നടക്കുമെന്ന് വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അറിയിച്ചു.

ആരോഗ്യപദ്ധതിയുടെ ആദ്യഘട്ടത്തില്‍ ,സംസ്ഥാനത്തെ 8 ജില്ലകളിലെ 2000 സ്ത്രീകള്‍ക്ക് പരിശോധനകളും അവരില്‍ ഏറ്റവും അര്‍ഹരും ഉടനടി ചികിത്സ വേണ്ടവരുമായ 100 സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ ചികിത്സയും നല്‍കുന്നു. ഡോ. ചിത്രതാര (ഗൈനക്ക് ഓങ്കോളജി) ഡോ. സ്മിത ജോയ് (ഗൈനക്കോളജി), ഡോ. കാര്‍ത്തി (യൂറോളജി) എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ 8 ജില്ലകളിലാണ് വിപിഎസ് ലേക്ഷോര്‍ ചികിത്സാ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ആദ്യം നടത്തുന്നത്. 2024 ഫെബ്രുവരി അവസാനവാരത്തില്‍ പ്രഖ്യാപിക്കുന്ന അമ്മയ്ക്ക് ഒരു കരുതല്‍ എന്ന പദ്ധതി 2024 മാര്‍ച്ച് ആദ്യവാരം ആരംഭിക്കും. ആറുമാസം കൊണ്ട് പൂര്‍ത്തീകരിക്കുന്ന പ്രോജക്റ്റിന്റെ സമാപനം ‘ഫ്രീഡം ത്രൂ ഹെല്‍ത്ത്’ (ആരോഗ്യത്തിലൂടെ സ്വാതന്ത്ര്യം) എന്ന പേരില്‍ 2024 ഓഗസ്റ്റ് 15ന് ചികിത്സയിലൂടെ സുഖം പ്രാപിച്ച എല്ലാ അമ്മമാരുടെയും സാന്നിധ്യത്തില്‍ കൊച്ചി വിപിഎസ് ലേക്ഷോറില്‍ നടത്തും.

ഈ ചികിത്സാ പദ്ധതിക്ക് വിപിഎസ് ലേക്ഷോറിനൊപ്പം 8 സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ), തദ്ദേശീയമായ സഹകരണത്തിന് സ്‌കൂളുകള്‍, പള്ളികള്‍, അമ്പലങ്ങള്‍ എന്നിവയുടെ ഓഡിറ്റോറിയങ്ങള്‍, ഗവണ്‍മെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ സംഘടനകള്‍, മാധ്യമങ്ങള്‍, പ്രമുഖ സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ പങ്കാളിത്തം ഉണ്ടാകും.

പൂര്‍ണ്ണമായും സൗജന്യമായ ‘അമ്മയ്ക്കൊരു കരുതല്‍’ പദ്ധതി 40 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അര്‍ഹരായ അമ്മമാര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് മെഡിക്കല്‍ ക്യാമ്പില്‍ പ്രവേശനം. ഓരോ ജില്ലയിലും പരമാവധി 350 പേര്‍ക്ക് മാത്രമാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. വിവരങ്ങള്‍ക്ക്- 75940 01528

LEAVE A REPLY

Please enter your comment!
Please enter your name here