വധൂവരന്മാരല്ല മധുവിധുവുമല്ല വിവാഹച്ചടങ്ങോ സദ്യയോ അല്ല പ്രധാനം, ബ്രൈഡല്‍ ഷൂട്ടാണ് എന്ന് ഇന്ന് കൊച്ചുകുട്ടികള്‍ക്കുവരെ അറിയാം. എല്ലാം മറന്നുപോകും, എന്നാലും ബ്രൈഡല്‍ ഷൂട്ടിന് കിടിലന്‍ ലൊക്കേഷനുകളില്‍ വെച്ച് പല പല വേഷങ്ങളിലെടുത്ത ഫോട്ടോകളും വിഡിയോകളും സോഷ്യല്‍ മീഡിയ ഉള്ളകാലം നിലനില്‍ക്കും. ഇനി സോഷ്യല്‍ മീഡിയ ഇല്ലാതായാലും (ഹെന്റമ്മേ, ചതിയ്ക്കല്ലേ) ക്ലൗഡുകളിലും ഹാര്‍ഡ് ഡിസ്‌കുകളിലും അവ എക്കാലത്തേയ്ക്കും സുരക്ഷിതമായിരിക്കും. എന്നാല്‍ എന്തൊക്കെയാണ് ഒരു ബ്രൈഡല്‍ ഷൂട്ടിനിടെ സംഭവിയ്ക്കുന്നത്? അതൊന്ന് കാണാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും എല്ലാവരും. അതുകൊണ്ടു തന്നെ ഒരു ബ്രൈഡല്‍ ഷൂട്ടിന്റെ രസകരമായ പശ്ചാത്തലത്തലമാണ് രാജകൊട്ടാരത്തില്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഇതള്‍വിടരുന്ന When Love Clicks എന്ന മ്യൂസിക്കല്‍ ലൗ സ്റ്റോറിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

പക്ഷേ സോറി, വരനും വധുവുമല്ല ഇതിലെ നായികാനായകന്മാര്‍; ഫോട്ടോയെടുക്കാന്‍ വന്ന പയ്യനും റിസോര്‍ട്ടിലെ ഗസ്റ്റ് കോഓര്‍ഡിനേറ്ററായ പെണ്‍കുട്ടിയുമാണ്. ആദ്യദര്‍ശനത്തില്‍ത്തന്നെ മൊട്ടിടുന്ന അവരുടെ അനുരാഗമാണ് ഒരു ന്യൂജെന്‍ സിനിമയെ ഓര്‍മിപ്പിക്കുന്ന ടേക്കുകളിലൂടെ ഇവിടെ പാട്ടിലാക്കിയിരിക്കുന്നത്. ബാഗ് ഓഫ് സ്‌ക്രിപ്റ്റ്‌സും സില്‍വര്‍വേവ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന When Love Clicks-ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ സി. ആന്റണി. ഗാനരചന ഗോവിന്ദ്കൃഷ്ണ. സംഗീതസംവിധാനം ജിയോ മൈക്കല്‍. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രസിദ്ധനായ നന്ദു കിഷോര്‍ ബാബുവാണ് ഗാനമാലപിച്ചിരിക്കുന്നത്. ചെന്നൈയിലെ വിജിപി സ്റ്റുഡിയോല്‍ റെക്കോഡ് ചെയ്ത ഗാനം പ്രോഗ്രാം ചെയ്തത് ഔസേപ്പച്ചന്‍ വാഴയില്‍; മിക്‌സിംഗും മാസ്റ്ററിംഗും ചെയ്തത് ബിജു ജെയിംസ്. കൃഷ്ണകുമാര്‍ മേനോന്‍ ക്രിയേറ്റീവ് ഡയറക്ടറായ ഈ പ്രൊജക്റ്റ് ഡിസൈന്‍ ചെയ്തത് ഗോപീകൃഷ്ണന്‍ നായര്‍. ഛായാഗ്രാഹണം നിഷാദ് എം വൈ, എഡിറ്റര്‍ സനൂപ് എ എസ്.

അഭിരാമി എ എസ്, അഞ്ജന മോഹന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സ്വസ്തിക് പ്രതാപന്‍, കണ്ണന്‍ നാരായണന്‍, ഷിനു ഷാജി, ഋത്വിക് റെജി എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രോണ്‍ ഷോട്ടുകളുള്‍പ്പെടെ വൈക്കം ചെമ്മനാകരിയിലെ കളത്തില്‍ ലേക്ക് റിസോര്‍ട്ടിന്റെ മനം മയക്കുന്ന ദൃശ്യങ്ങളാണ് When Love Clicks-ന്റെ മറ്റൊരു ഹൈലൈറ്റ്.

വിഡിയോ ലിങ്ക് https://www.youtube.com/watch?v=GltnW2yGmvg&feature=youtu.be  

 

LEAVE A REPLY

Please enter your comment!
Please enter your name here