മുംബയ്: രാജ്യത്തെ തുറമുഖ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‌ഞ്ഞു. ഇതിനായി ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗോള ബിസിനസ് സമൂഹത്തെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രഥമ സമുദ്ര ഉച്ചകോടി മുംബയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ 7500 കിലോമീറ്റർ കടൽത്തീരം വളർച്ചയുടെ എഞ്ചിനായി മാറണം. ഇന്ത്യയിൽ കടൽ വഴിയുള്ള നിക്ഷേപം നടത്താൻ വിദേശ കന്പനികൾക്ക് ഏറ്റവും ഉചിതമായ സമയമാണിത്. നിലവിൽ ഇന്ത്യയിലെ തുറമുഖങ്ങളുടെ ശേഷി 1400 മില്യൺ ടൺ ആണ്. അത് 3000 മില്യൺ ടൺ ആയി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം- മോദി പറഞ്ഞു.

കടൽ വഴിയുള്ള വ്യാപാരരംഗത്ത് അഞ്ചു പുതി തുറമുഖങ്ങളെ കൂടി ഉൾപ്പെടുത്താൻ ഇന്ത്യ പദ്ധതിയിടുന്നു. ഇത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സന്പദ്‌വ്യവസ്ഥയ്‌ക്ക് ഉണർവ് നൽകും. തീരദേശ സംസ്ഥാനങ്ങളിലും പുതിയ തുറമുഖങ്ങൾ വികസിപ്പിക്കുമെന്നും മോദിപറഞ്ഞു.

ഇന്ത്യൻ കപ്പൽ മേഖല വലിയൊരു നേട്ടത്തിന്റെ അരികിലാണ്. ആഗോള വ്യവസായികൾ കടൽ മാർഗ വന്നാൽ അവരുടെ കൈ പിടിക്കാൻ ഞാനുണ്ടാവും. നിങ്ങളുടെ വ്യവസായങ്ങൾ ഇന്ത്യയിൽ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനാ ശിൽപി അംബ്ദേക്കറിന്റെ 125ആ ജന്മവാർഷികത്തിൽ അദ്ദേഹത്തെ സ്‌മരിച്ച മോദി,​ ഇന്ത്യയുടെ സമുദ്ര-നദീതട പദ്ധതിയുടെ ശിൽപി കൂടിയാണ് അംബ്ദേക്കറെന്നും പറഞ്ഞു. സമുദ്ര മേഖലയിൽ 250 പുതിയ പദ്ധതികൾക്ക് കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന 12 തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം വർദ്ധിപ്പിക്കുക,​ തീരേദശ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാകുക എന്നിവയ്ക്ക് സർക്കാർ തുടക്കമിട്ടു കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here