ന്യൂഡൽഹി: ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയിൽവേ ചെന്നൈയിൽ കൊണ്ടുവരാൻ ഒരുങ്ങുന്നു. ചൈനീസ് സഹായത്തോടെയാണ് പദ്ധതി. ലോകത്തിലെ ഏറ്റവും നീളംകൂടിയ അതിവേഗ റെയില്‍ൽവേ യാഥാർത്ഥ്യമാക്കിയ ചൈന റെയിൽവേ കോർപറേഷന്റെ (സി.ആർ.സി) ഹൈസ്‌പീഡ് റെയിൽവേ (എച്ച്.എസ്.ആർ) ആണ് ഇന്ത്യയിൽ റെയിൽ പദ്ധതിയുമായി എത്തുന്നത്. ചെന്നൈ മുതൽ ന്യൂഡൽഹി വരെയുള്ള 2,200 കിലോമീറ്റർ അതിവേഗ റെയിൽപാതയ്ക്കും 1,200 കി.മീ ദൈർഘ്യം വരുന്ന ന്യൂഡൽഹി മുംബയ് പാതയ്ക്കുമുള്ള പദ്ധതിയാണ് എച്ച്.എസ്.ആർ സമർപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ ഇതുസംബന്ധിച്ച സാധ്യതാപഠനം നടന്നുവരികയാണെന്ന് സി.ആർ.സിയുടെ വൈസ് ജനറൽ എഞ്ചിനീയർ സാവോ ഗ്വോണ്ടാങ് വ്യക്തമാക്കുന്നു. പദ്ധതി സംബന്ധിച്ച് ശുഭപ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്നും വൈകാതെ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. മുംബയ് മുതൽ അഹമ്മദാബാദ് വരെ നീളുന്ന 505 കി. മീ. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ജപ്പാനുമായി ഇന്ത്യ അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഇതേ തുടർന്നാണ് ചൈന ഇന്ത്യയിൽ എച്ച്.എസ്.ആർ സാങ്കേതികതയ്ക്കുള്ള സാധ്യത തിരിച്ചറിയുകയും പദ്ധതിയുമായി ഇന്ത്യയെ സമീപിക്കുകയും ചെയ്‌തത്.

നിർദ്ദിഷ്‌ട ചെന്നൈ – ന്യൂഡൽഹി പദ്ധതി യാഥാർത്ഥ്യമാവുകയാണെങ്കിൽ അത് ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയിൽ പാതയായിരിക്കും. മൂന്നു വർഷം മുമ്പ് പണി പൂർത്തിയായ, ചൈനയിലെ ബീജിംഗ് മുതൽ ഗ്വാംഗ്‌സുവരെയുള്ള 2,298 കി.മീ പാതയാണ് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയിൽ പാത. 19,000 കി.മീ വരുന്ന ചൈനയിലെ മൊത്തം അതിവേഗ റെയിൽ പാതയുടെ ദൈർഘ്യം, ലോകത്തിലെ എല്ലാ അതിവേഗ റെയിൽ പാതകളും കൂടിച്ചേരുന്നതിനേക്കാൾ കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here