ന്യൂഡൽഹി: വായ്‌പാ തട്ടിപ്പ് കേസിൽ കോടതി നടപടി നേരിടുന്ന വിജയ്‌ മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് ബ്രാൻഡ് വാങ്ങാൻ ആളില്ല. ഇതേ തുടർന്ന് ബ്രാൻഡ് വിൽക്കാനുള്ള ഓൺലൈൻ ലേലം ഉപേക്ഷിക്കേണ്ടി വന്നു. 366.70 കോടി രൂപ മൂല്യം കണക്കാക്കിയാണ് ലോഗോ അടക്കം ലേലത്തിൽ വച്ചത്.

കിംഗ് ഫിഷർ എയർലൈൻസ് ലോഗോ, ഫ്ലൈ ദ ഗുഡ് ടൈംസ് എന്ന പരസ്യവാചകം എന്നിവ അടക്കമാണ് ലേലത്തിൽ വച്ചത്. ലേലത്തുക കൂടിപ്പോയെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. രാവിലെ 11.30ന് തുടങ്ങിയ ലേലത്തിന് പ്രതികരണം ഉണ്ടാവാതിരുന്നതിനെ തുടർന്ന് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ റദ്ദാക്കുകയായിരുന്നു. 17 ബാങ്കുകളിൽ നിന്നായി 9000 കോടി രൂപയിലധികം വായ്‌‌പയെടുത്ത് മുങ്ങിയ വിജയ് മല്യയുടെ സ്വത്ത് ഇത് രണ്ടാം തവണയാണ് ബാങ്ക് കൺസോർഷ്യം ലേലത്തിൽ വക്കുന്നത്. ആദ്യ തവണ മുംബയിലെ കിംഗ്ഫിഷർ ഹൗസ് വാങ്ങാൻ ആളില്ലാത്തതിനാൽ ലേലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കിംഗ്ഫിഷർ എയർലൈൻസ് ലാഭകരമായി പ്രവർത്തിച്ചിരുന്ന കാലത്ത് ലോഗോയുടെ അന്താരാഷ്ട്ര വിപണിമൂല്യം 4000 കോടി രൂപയോളമായിരുന്നു. 2012 – 13ലെ വാർഷിക റിപ്പോർട്ടിൽ കിംഗ്ഫിഷർ എയർലൈൻസ് സ്വയം അവകാശപ്പെട്ടിരുന്നത് തങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here