ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഖത്തർ ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം ഖത്തർ സന്ദർശിച്ച പ്രധാനമന്ത്രി ഏകദേശം 6 ലക്ഷത്തിലേറെയുള്ള ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്ന് ഖത്തറിന്റെ ഉറപ്പ് ലഭിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

ഏകദേശം രണ്ട് മില്യൺ ജനസംഖ്യയുള്ള ഖത്തറിൽ 6,30,000 ഇന്ത്യൻ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 2022ൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇവരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത്. മിക്കവർക്കും കിട്ടുന്നത് തുച്ഛമായ ശമ്പളം. ഖത്തറിലെ തൊഴിൽ നിയമങ്ങൾ തൊഴിലാളി വിരുദ്ധമാണെന്നും അപകടകരമായ തൊഴിൽ സാഹചര്യങ്ങളാണ് ഭൂരിഭാഗം പേർക്കുമുള്ളതെന്നും ആക്ഷേപമുണ്ട്. തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങൾക്കും സമരങ്ങൾക്കും നിരോധനമുള്ള ഖത്തറിൽ ഇത് ലംഘിച്ചാൽ വൻ പിഴയും ജയിൽ ശിക്ഷയും വിധിക്കും. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഖത്തർ ഭരണാധികാരി ശൈഖ് തമീൻ ബിൻ ഹമദ് അൽ തഹാനിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. വിദഗ്ദ്ധ- അവിദഗ്ദ്ധ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്താമെന്ന് ഖത്തർ ഉറപ്പ് നൽകിയതായാണ് അറിയുന്നത്.

ഇന്ത്യൻ സമൂഹത്തിന്റെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയ ഖത്തർ ഭരണാധികാരികൾക്ക് പ്രധാനമന്ത്രി മോദി നന്ദി പറയുകയും ചെയ്‌തിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളിയായ ഖത്തറുമായുള്ള വ്യാപര ബന്ധം കഴിഞ്ഞ വർഷം വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ പ്രധാന സ്ഥാനവും ഖത്തറിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here