ഭാരതത്തിന്റെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തോടു ചേർന്നുളള കലാം ദ്വീപിൽ നിന്നാണ് ഡി.ആർ.ഡി.ഒ അഗ്നിയുടെ നാലാം പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.

ഭാരതത്തിന്റെ പ്രതിരോധവ്യൂഹത്തിൽ കരുത്തുറ്റ മുതൽക്കൂട്ടാകും അണുവായുധ വാഹകശേഷിയുളള അഗ്നി-5 എന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഏതാനും പരീക്ഷണനിരീക്ഷണങ്ങൾ കൂടി കഴിഞ്ഞാൽ അഗ്നി-5 ഭാരതസൈന്യത്തിന്റെ ഭാഗമാകും.

ഭാരതം മിസൈൽ സാങ്കേതികവിദ്യാനിയന്ത്രണ ഗ്രൂപ്പിൽ അംഗത്വം നേടിയതിനു ശേഷമുളള ആദ്യ മിസൈൽ പരീക്ഷണമാണിത്. 1000 കിലോയിലധികം ഭാരമുളള അണുവായുധവും വഹിച്ച് 5,000 കിലോമീറ്ററുകൾക്കപ്പുറമെത്താൻ പര്യാപ്തമായതാണ് അഗ്നി-5 മിസൈലുകൾ. ഇത് പാകിസ്ഥാനും, ചൈനയുമടക്കം ഏഷ്യയുടെ ഏതാണ്ട് എല്ലായിടത്തും ലക്ഷ്യം കാണുവാൻ പര്യാപ്തമായതാണ്.

ഏതു കാലാവസ്ഥയിലും ലക്ഷ്യം പിഴയ്ക്കാതെ തൊടുക്കുവാൻ പര്യാപ്തമായ സാങ്കേതികവിദ്യയാണ് അഗ്നി-5നുളളത്. ലോഞ്ചിംഗ് പാഡുകളിൽ നിന്നോ, വാഹനങ്ങളിൽ നിന്നോ തൊടുക്കുവാൻ കഴിയുന്ന അഗ്നി-5; 17 മീറ്റർ നീളവും, 50 ടൺ ഭാരവുമുളള അതിവേഗ മിസൈലാണ്.

ഫയർ ആൻഡ് ഫർഗോട്ട് സിസ്റ്റം എന്നു വിശേഷിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന അഗ്നി-5, റഡാറുകൾക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും പെട്ടെന്നു കണ്ടെത്താൻ സാധിക്കുന്നതല്ല.

ഭാരതത്തിന് നിലവിൽ അഗ്നി-1, 2, 3, 4 എന്നിങ്ങനെ 4 തലമുറ അഗ്നി മിസൈലുകളും, ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളും സ്വന്തമായുണ്ട്. 700 കിലോമീറ്റർ ആക്രമണപരിധിയുളള അഗ്നി-1, രണ്ടായിരം കിലോമീറ്റർ റേഞ്ചുളള അഗ്നി-2, 2,500 മുതൽ 3,500 കിലോമീറ്ററുകളിലേറെ പ്രഹരശേഷിയുളള അഗ്നി-3, അഗ്നി-4 എന്നിവയാണിപ്പോൾ സൈന്യം ഉപയോഗിച്ചു വരുന്നത്.

സമാധാനത്തിനുളള ആയുധം എന്നാണ് ഭാരതം അഗ്നി-5നെ വിശേഷിപ്പിച്ചിട്ടുളളത്. അഗ്നി-6 ന്റെ നിർമ്മിതിക്കു വേണ്ടിയുളള പ്രാരംഭ പ്രവർത്തനങ്ങളിലാണ് ഡി.ആർ.ഡി.ഒ. അഗ്നി-6ന്റെ ദൂരപരിധി 8,000 കിലോമീറ്റർ മുതൽ 10,000 കിലോമീറ്റർ വരെയായിരിക്കുമെന്നാണ് വിവരം

LEAVE A REPLY

Please enter your comment!
Please enter your name here