തിരുവനന്തപുരം: കെ എസ് ആർ ടി സി എം ഡി ബിജുപ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി താക്കീത് നൽകി. കെ എസ് ആർ ടി സിയിൽ വൻ അഴിമതിയെക്കുറിച്ചും ജീവനക്കാരുടെ നിസ്സഹകരണവും സംബന്ധിച്ചുള്ള എം ഡിയുടെ പരസ്യ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇടപെട്ടത്.
പരസ്യ പ്രസ്താവനയ്‌ക്കെതിരെ സി ഐ ടി യു നേതാവ് എളമരം കരിം രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്നതാണ് എം ഡിയുടെ പരസ്യ നിലപാടെന്നും, അത് വലിയതോതിൽ തിരച്ചടിയാവുമെന്നുമുള്ള തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടലിന് കാരണം. പരസ്യ പ്രസ്താവന പാടില്ലെന്നും, പരിഷ്‌ക്കരണ നടപടിയുമായി മുന്നോട്ട് പോകാം എന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
 
കെ എസ് ആർ ടി സിയുടെ എം ഡിയായിരുന്ന ടോമിൻ തച്ചങ്കരിയെയും ട്രേഡ് യൂണിയൻ ശക്തമായി നേരിട്ടിരുന്നു. ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റുന്ന യൂണിയൻ നേതാക്കളോട് ജോലിക്ക് ഹാജരാവാൻ ആവശ്യപ്പെട്ടതും. അനധികൃതമായി ജോലിക്കെത്താതെ മുങ്ങി നടന്നിരുന്നവരെ സർവ്വീസിൽ നിന്നും പിരിച്ചുവിടാനും ടോമിൻ തച്ചങ്കരി നടത്തിയ ശ്രമം യൂണിയൻ നേതാക്കളെ ചൊടിപ്പിച്ചു. ആനത്തലവട്ടം ആനന്ദനെ പോലുള്ള സി പി എം നേതാക്കൾ ടോമിൻ തച്ചങ്കരിയെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തി, ഇതോടെ രംഗം വിടേണ്ടിവന്ന തച്ചങ്കരിക്ക് ശേഷം ബിജു പ്രഭാകറും പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ട് വന്നതോടെ വെട്ടിലാവുകയായിരുന്നു സർക്കാരും, സി ഐ ടി യുവും. ഇന്ധന മോഷണം, പണാപഹരണം, ജോലിക്കെത്താതെ സർവീസ് വെട്ടിച്ചുരുക്കൽ എന്നിവയാണ് കെ എസ് ആർ ടി സിയുടെ നാശത്തിന് കാരണമെന്നായിരുന്നു എം ഡിയായ ബിജു പ്രഭാകർ ഐ എ എസിന്റെ പ്രസ്താവന.
 

LEAVE A REPLY

Please enter your comment!
Please enter your name here