ഉറ്റ സുഹൃത്തിന്റെ വേർപാടിന്റെയും അപകടം സമ്മാനിച്ച പരുക്കിന്റെയും നൊമ്പരം ഉള്ളിലൊതുക്കി ബിജോയ് ജോർജ് എസ്എസ്എൽസി പരീക്ഷയ്ക്കെത്തി. ആദ്യപരീക്ഷ എളുപ്പമായതിന്റെ സന്തോഷം പുറത്തിറങ്ങിയപ്പോൾ ബിജോയിയുടെ മുഖത്ത് ചെറിയ പുഞ്ചിരിയായി തെളിഞ്ഞു.

കരിമ്പാടം ഡിഡിസഭ ഹൈസ്കൂളിലെ വിദ്യാർഥിയാണു ബിജോയ്. ഹാൻഡ്ബോൾ കോർട്ടുകളിൽ ഗോൾമഴ പെയ്യിച്ച താരത്തിന്റെ ജീവിതം തകിടംമറിച്ചത് ഒരു വാഹനാപകടമാണ്. സംസ്ഥാന ഹാൻഡ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ ജില്ലാ ടീം അംഗങ്ങൾ സഞ്ചരിച്ച വാഹനം നവംബർ 23ന് അപകടത്തിൽപ്പെട്ടു. സഹപാഠിയും സഹകളിക്കാരനുമായ അമൽകൃഷ്ണയും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന പിതൃസഹോദരൻ സേവ്യറും മരണമടഞ്ഞു. ഉറ്റവരുടെ വേർപാട് നൽകിയ ഞെട്ടലിൽ നിന്ന് ഇനിയും മുക്തനായിട്ടില്ല ബിജോയ്.

അപകടത്തിൽ തലയ്ക്കും ഇടതുകൈക്കും ഗുരുതരമായി പരുക്കേറ്റ ബിജോയ് ഇപ്പോഴും ചികിത്സയിലാണ്. ആറുമാസത്തെ ചികിത്സയാണു ഡോക്ടർമാർ നിർദേശിച്ചിരുന്നത്. അപകടശേഷം വിരലിലെണ്ണാവുന്ന ദിവസം മാത്രമാണു ക്ലാസിൽ പോയത്. എന്നാൽ പരീക്ഷ എഴുതണമെന്ന ബിജോയിയുടെ ആഗ്രഹത്തെ സ്കൂൾ അധികൃതരും സുഹൃത്തുക്കളും പിന്തുണച്ചു. അധ്യാപകരും സുഹൃത്തുക്കളും വീട്ടിലെത്തി പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്താണ് പരീക്ഷയ്ക്ക് ഒരുക്കിയത്.

ബെഞ്ചിൽ ഇരുന്ന് എഴുതാൻ കഴിയാത്തതിനാൽ ബിജോയ്ക്കായി സ്കൂൾ അധികൃതർ പ്രത്യേക സൗകര്യമൊരുക്കി. മറ്റൊരു മുറിയിൽ പ്രത്യേക കസേരയിലിരുന്നാണു പരീക്ഷയെഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here