തിരുവനന്തപുരം: അവശ്യസാധനങ്ങൾക്കും സേവനങ്ങൾക്കും വില വർദ്ധിക്കുന്നത് ഏപ്രിൽ ഒന്ന് മുതലുള്ള ജനജീവിതം കൂടുതൽ ദുസഹമാക്കും. കുടിവെള്ളത്തിനും (Drinking Water) മരുന്നിനും (medicines) വില കൂടും. ഇത് ഭൂനികുതിയും ഭൂമിയുടെ രജിസ്ട്രേഷൻ (Land Registration) നിരക്കും ഭൂമിയുടെ ന്യായവിലയും കൂടും. ഡീസൽ വാഹനങ്ങളുടെ വിലയും രജിസ്ട്രേഷൻ പുതുക്കൽ നിരക്കും കൂടും. ഇത് കൂടാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോ-ടാക്സി നിരക്ക് വർദ്ധനയും ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.

കുടിവെള്ളത്തിന് വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ മാസ ബജറ്റ് താളംതെറ്റിക്കും. ആയിരം ലിറ്റർ മുതൽ പതിനയ്യായിരം ലിറ്റർ വരെ ഉപയോഗിക്കുന്ന 36 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കാണ് വിലവർദ്ധനവ് കൂടുതൽ ബാധിക്കുക. ആയിരം ലിറ്ററിന് 4.20 പൈസ നൽകിയിരുന്ന സ്ഥാനത്ത് ഇനി 4.41 പൈസ നൽകണം.

സാധാരണക്കാരെ സാരമായി ബാധിക്കുന്ന മറ്റൊന്നാണ് മരുന്നുകളുടെ വില വർദ്ധനവ്. ഏകദേശം നാൽപ്പതിനായിരത്തോളം മരുന്നുകൾക്കാണ് ഏപ്രിൽ ഒന്നു മുതൽ വില കൂടുന്നത്. പനി വന്നാൽ കഴിക്കുന്ന പാരസെറ്റമോൾ മുതൽ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയ്ക്ക് ഉൾപ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയും കൂടിയിട്ടുണ്ട്. ഇതും കുടുംബ ബജറ്റ് താളംതെറ്റിക്കാൻ ഇടയാക്കും.

ഈ സാമ്പത്തികവർഷം മുതൽ ഭൂനികുതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ആർ അഥവാ 2.47 സെന്‍റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തിൽ 8.1 ആർ വരെയും നഗരസഭകളിൽ 2.43 ആർ വരെയും കോർപറേഷനുകളിൽ 1.62 ആർ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വർദ്ധിക്കും. ഇതിന് അനുസൃതമായി രജിസ്ട്രേഷൻ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വർദ്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here