രാജേഷ് തില്ലങ്കേരി


പാർട്ടി കോൺഗ്രസും, കോൺഗ്രസ് പാർട്ടിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഇതുവരെയുണ്ടായിരുന്നില്ലെന്നാണ് ഉത്തരം. എന്നാൽ ഇപ്പോ എന്താണ് പുതിയൊരു ബന്ധം ? അതാണ് കോൺഗ്രസ് പ്രവർത്തകർക്ക് മനസിലാവാത്തത്. സി പി എമ്മിന്റെ 23 ാം പാർട്ടി കോൺഗ്രസ്  കണ്ണൂരിൽ നടക്കുമ്പോൾ, കോൺഗ്രസ് പാർട്ടിയിൽ  ചൂടേറിയ ചർച്ചയാണ് നടക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ വി തോമസ് കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി കണ്ണൂരിലേക്ക്  പോകുമോ, അതോ അച്ചടക്കമുള്ള കോൺഗ്രസുകാരനായി അടങ്ങിയൊതുങ്ങി നിൽക്കുമോ എന്നത്. തോമസ് മാഷിനെ അടുത്തറിയാവുന്നവർ തുടക്കം തൊട്ടേ പറഞ്ഞത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ മാഷ് പങ്കെടുക്കുമെന്നായിരുന്നു, കാരണം കെ വി തോമസിന് അധികാരവും പദവിയുമില്ലാതെ ജീവിക്കാനാവില്ലെന്ന സത്യം അവർക്കല്ലേ അറിയാവൂ….
എന്നാൽ കെ വി തോമസ് പറയുന്നത് മറ്റൊരു കാര്യമാണ്,  ബി ജെ പി വിരുദ്ധ സഖ്യം ദേശീയതലത്തിൽ ശക്തിപ്പെടുത്താനുള്ള ഏത് നീക്കത്തെയും ഞാൻ കണ്ണടച്ച് അനുകൂലിക്കുമെന്ന്….

കെ വി തോമസിന് കോൺഗ്രസ് എന്ന നിലയിൽ സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അനുമതിയിയുണ്ടായിരുന്നില്ല. സ്വന്തം നിലയിൽ പോവണമെങ്കിൽ പോവാം. എന്നാൽ പിന്നെ കോൺഗ്രസ് നേതാവായി തുടരാനും ആവില്ലെന്ന് കെ പി സി സി സി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. അധികാരവും പണവും പത്രാസും നഷ്ടപ്പെട്ട കോൺഗ്രസിനോട് ഈ തോമയ്ക്ക് വലിയ താല്പര്യമൊന്നും കുറച്ചുകാലമായി ഇല്ലായിരുന്നുവെന്ന്  പാവം ഹൈക്കമാന്റ് മാഡവും സെമികേഡർ  സുധാകരനും  അറിഞ്ഞിട്ടില്ല.

 പണ്ട് കൊച്ചിയിൽ നിന്നും നല്ല പെടക്കണ ‘തിരുത’ യുമായി ഡൽഹിയിലേക്ക് ബിമാനം പിടിച്ചുപോയ ആ പഴയ തോമയല്ലിത്, കോടികൾ ആസ്ഥിയുള്ള നേതാവാണ് അദ്ദേഹം. ഇപ്പോൾ വേണ്ടത് ഉണ്ടാക്കിയ ധനം സംരക്ഷിക്കാനുള്ള സാഹചര്യമാണ്.  അധികാരമില്ലാതെ ഇരിപ്പിടത്തിൽ ഇരിപ്പുറക്കാത്ത ഒരു പ്രത്യേകതരം രോഗം ബാധിച്ച കെ വി തോമസ് എന്ന നേതാവിനെ ചികിൽസിക്കാൻ ഹൈക്കമാന്റിനോ കെ പി സി സി ക്കോ ഒന്നും കഴിയില്ല. എന്നും അധികാരവും പദവിയുമായിരുന്നു കെ വി തോമസ് എന്ന കുമ്പളങ്ങിക്കാരന്റെ സ്വപ്നം. തേവര കോളജിലെ അധ്യാപകനായിരുന്ന കെ വി തോമസ് വലിയ പോരാട്ടങ്ങൾ നടത്തിയൊന്നുമല്ല കോൺഗ്രസിൽ വളർന്നത്. എറണാകുളം എം എൽ എയായും , പിന്നീട് സംസ്ഥാന മന്ത്രിസഭയിൽ അംഗമായും ഒക്കെ എത്തിയത് തോമസ് മാഷിന്റെ ബുദ്ധിപരമായ നീക്കത്തിന്റെ ഫലമായാണ്.
എം പി, കേന്ദ്രമന്ത്രി ഇങ്ങനെ വലിയ പദവികളെല്ലാം ചവിട്ടിക്കയറിയത് കൊച്ചിയിൽ നല്ല കോൺഗ്രസ് നേതാക്കൾ ഇല്ലാത്തതിന്റെ പേരിലായിരുന്നില്ല. കാലാ കാലം ആരുടെയൊക്കെ കൂടെ നിൽക്കണമെന്നും, അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ തിരിച്ചറിയാൻ കഴിഞ്ഞതും, അപ്പപ്പോൾ തീരുമാനം എടുത്തതിന്റെയും ഫലമാണ്.

കേന്ദ്രത്തിൽ കോൺഗ്രസിന് അധികാരം നഷ്ടമായതും, എറണാകുളം സീറ്റ് കൈവിട്ടുപോയതും കെ വി തോമസ് എന്ന അധികാര രാഷ്ട്രീയക്കാരനെ വല്ലാതെ ഉലച്ചുകളഞ്ഞു എന്നത് സത്യമാണ്. സ്ഥിരമായി ജയിക്കുന്നത് തന്റെ തെറ്റാണോ എന്നായിരുന്നു തോമസ് മാഷിന്റെ ചോദ്യം. എന്തുകൊണ്ടാണ് തന്നെ എറണാകുളം സീ്റ്റിൽ നിന്നും മാറ്റി നിർത്തിയതെന്നാണ് അദ്ദേഹം നേതാക്കളോട് ചോദിച്ചിരുന്ന ഏക ചോദ്യം. ഭൂരിപക്ഷം എന്നും കൂടിയതല്ലാതെ കുറഞ്ഞിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളില്ല. ദേശീയതലത്തിൽ പലവിഷയങ്ങളിലും അതി ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന നേതാവാണ് താൻ എന്നൊക്കെയാണ് കെ വി തോമസ് പറഞ്ഞിരുന്നത്. എന്നാൽ അതൊന്നും നേതൃത്വം കേട്ടതായി ഭാവിച്ചില്ല. ഇതോടെ എവിടെ പോയാൽ രക്ഷപ്പെടാമെന്ന ചിന്തയിലാണ് കഴിഞ്ഞ മൂന്നു വർഷമായി കെ വി തോമസ്.   കെ പി സി സി ഭാരവാഹിയാവാനും, പിന്നീട് നിയമസഭാ സീറ്റ് സംഘടിപ്പിക്കാനും, അവസാന ഘട്ടത്തിൽ രാജ്യസഭാ സീറ്റ് നേടാനുമൊക്കെ തീവ്രശ്രമം നടത്തിയെങ്കിലും ദേശീയ നേതൃത്വം തോമാച്ചനെ പരിഗണിച്ചതേയില്ല.

ഇതോടെ ആശയറ്റ തോമാച്ചന് കിട്ടിയ ഒരു അവസരമാണ് പാർട്ടി കോൺഗ്രസിന്റെ പേരിൽ നേതൃത്വവുമായി അകലാനുള്ള ഈ അവസരം. സി പി എം കുറച്ചുകാലമായി തോമാച്ചന് വേണ്ടി വലവിരിച്ചിരിക്കയാണ്. സി പി എമ്മിന് എക്കാലത്തെയും ബാലികേറാമലയായ എറണാകുളത്ത് ആധിപത്യമുണ്ടെക്കുകയാണ് അവരുടെ ലക്ഷ്യം. തൃക്കാക്കരയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ലത്തീൻ ക്രൈസ്തവരുടെ വോട്ടിൽ ഭിന്നിപ്പുണ്ടാക്കാനായാൽ ഇടത് സ്ഥാനാർത്ഥിയെ ജയിപ്പിച്ചെടുക്കാം. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിജയ സാധ്യതയുള്ള സീറ്റാണ് തൃക്കാക്കര. കെ വി തോമസ് എന്ന നേതാവല്ല അവർ ലക്ഷ്യമിടുന്നത്. പി ടി തോമസിന്റെ സിറ്റിംഗ് സീറ്റായിരുന്ന തൃക്കാക്കരയിലെ വിജയമാണ് സി പി എം ലക്ഷ്യം.  ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ ഭരണമുന്നണിക്ക് വലിയ നേട്ടമായി അത് മാറും. കോൺഗ്രസുകാരെ കൊണ്ട് കോൺഗ്രസിനെ തകർക്കുകയെന്ന ലക്ഷ്യമാണ് സി പി എം കെ വി തോമസിലൂടെ ലക്ഷ്യമിടുന്നത്. അർഹമായ പരിഗണന എന്നതുമാത്രമാണ് അദ്ദേഹത്തിനുള്ള ആഗ്രഹം. അത് നിറവേറ്റിക്കൊടുക്കാൻ സി പി എം തയ്യാറുമാണ്.

കെ വി തോമസ് വഴിയാധാരമാവില്ലെന്ന് എം വി ജയരാജൻ പ്രഖ്യാപിച്ചതും നെഹ്രു കഴിഞ്ഞാൽ പിന്നെ കോൺഗ്രസിലെ കറകളഞ്ഞ സോഷ്യലിസ്റ്റ് തോമസ് മാഷാണ് എന്ന് എം എ ബേബി സഖാവ് വച്ചു കാച്ചിയതും ഒക്കെ എന്തിനാണെന്ന് വ്യക്തം.  കാര്യങ്ങൾ ഇനി വഴിയേ കാണാരിക്കുന്നതേയുള്ളൂ….


സി പി എം ശശി തരൂരിനെയും ലക്ഷ്യമിടുന്നു


ശശി തരൂരിനെയും സി പി എം ലക്ഷ്യമിടുന്നുണ്ടെന്നാണ് കേൾക്കുന്നത്. വിശ്വപൗരനെ കൂടെ നിർത്തിനുള്ള നീക്കം എത്രത്തോളം ഫലം കാണുമെന്നറിയില്ല.  ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള ശശി തരൂരിന്റെ നീക്കങ്ങൾക്ക് വലിയ പിന്തുണയൊന്നും ലഭിക്കാതായതോടെ ശശി തരൂർ മറ്റൊരു ലാവണം ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ അനുകൂല കാലാവസ്ഥ വച്ചു നോക്കുമ്പോൾ ശശി തരൂരിന് ഇടത് സഹയാത്രികനാവുന്നത് ഗുണം ചെയ്യുകയും ചെയ്യും.
സി പി എമ്മിന് അനുകൂല നിലപാട് സ്വീകരിച്ചാൽ തിരുവനന്തപുരത്തുനിന്നും വീണ്ടും ജയിക്കാനും കഴിയുമെന്ന് ശശി തരൂരും കണക്കുകൂട്ടുന്നണ്ട്.
കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ച  ജി 23 യിൽ അംഗമായ ശശി തരൂരിന് എ ഐ സി സി പുനസംഘടനയിൽ പ്രതീക്ഷിക്കുന്ന പരിഗണന ലഭിക്കില്ലെന്നാണ് സൂചനകൾ. ഇതോടെ ശശി തരൂർ സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് സാധ്യത.  തിരുവനന്തപുരത്ത് ഇടത് സ്വതന്ത്രനായി മൽസരിക്കാനാനും സി പി എം  നീക്കം നടത്തുന്നുണ്ട്.


പ്രകാശ് കാരാട്ടിനേക്കാൾ മലയാളം വശമുള്ള പാലക്കാട്ടുകാരനാണ് ശശി തരൂർ. പോരാത്തതിന് ഇംഗ്ലീഷിൽ ചില്ലറ പെടപ്പിക്കലാണോ ശശി മൂപ്പര്…. ബി ജെ പി ക്കെതിരെയുള്ള പോരാട്ടമാണല്ലോ ശശി തരൂരിന്റെ പ്രഖ്യാപിത നയം. അതിപ്പോ സി പി എമ്മിനൊപ്പമായാലും ചെയ്യാലോ സാർ….

 
ചെറിയാച്ചന്റെ കാലം തെറ്റിയ ചില തിരിച്ചറിവുകൾ


പ്രണയം നടിച്ച് ചോരയൂറ്റിക്കുടിച്ച് വഴിയിൽ ഉപേക്ഷിക്കുന്ന ‘രക്തരക്ഷസാണ് സിപിഎം എന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്.  ഇത്രയും കാലം കഴിഞ്ഞുകൂടിയ പാർട്ടിയെ ഇത്രയും നീചമായി വിശേഷിപ്പിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് തോമസ് മാഷിനെ പിന്തിരിപ്പിക്കാൻ ഇതല്ലാതെ വഴിയൊന്നുമില്ലെന്നാണ് ചെറിയാച്ചൻ പറയുന്നത്.   പ്രണയ തട്ടിപ്പിൽ കുടുങ്ങരുതെന്നും തന്റെ 20 വർഷത്തെ രാഷ്ട്രീയ ജീവിതം തകർന്നന് സി പി എമ്മിനൊപ്പം പോയതുകൊണ്ടാണെന്നാണ് ചെറിയാൻ വെളിപ്പെടുത്തുന്നത്. ആർക്കും സങ്കടം തോന്നും ചെറിയാച്ചന്റെ വെളിപ്പെടുത്തലിന്റെ കൂടുതൽ വിവരങ്ങൾ അടുത്തറിയുമ്പോൾ. കെ ടി ഡി സി ചെയർമാനാക്കി, തുടർന്ന് ഖാദി ബോർഡ് വൈസ് ചെയർമാനാക്കിയപ്പോഴാണ് ചെറിയാൻ വിട്ടുപോയത്. രാജ്യസഭാംഗമാക്കുമെന്ന് കരുതിയതാണ് ചെറിയാന് പറ്റിയ തെറ്റ്.

കെ വി തോമസിനിനെ സി പി എമ്മിന്റെ കെണിയിൽനിന്നും രക്ഷിച്ചെടുക്കാനായാണ്  ചെറിയാൻ ഫിലിപ്പ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സിപിമ്മിന്റെ പ്രണയ തട്ടിപ്പിൽ ദയവായി കുടുങ്ങരുത്, പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്.


സി പി എമ്മിനെതിരെ  വിമർശനവുമായി കഴിഞ്ഞ ദിവസവും ചെറിയാൻ ഫിലിപ്പ് രംഗത്ത് വന്നിരുന്നു. ലോക്‌സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിൻറെയും വോട്ടുവിഹിതത്തിൻറെയും മാനദണ്ഡപ്രകാരം സിപിഎമ്മിന്  ദേശീയ കക്ഷിയായി തുടരാനാവില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് കണ്ടെത്തിയ മറ്റൊരു കാര്യം. കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടറാണ്  ചെറിയാൻ ഫിലിപ്പ്. അദ്ദേഹം ശരിക്കും പഠിച്ചാണ് കാര്യങ്ങൾ പറയുന്നത്.  സിപിഎം ഇപ്പോൾ കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക കക്ഷിയാണ്. ദേശീയ കക്ഷിയായി പിടിച്ചു നിൽക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് ചർച്ച.

‘കേരളത്തിലൊതുങ്ങുന്ന വെറും പ്രാദേശിക കക്ഷിയാണ് സി പി എമ്മെന്ന ആ മഹാസത്യം തിരിച്ചറിഞ്ഞ ഏക കോൺഗ്രസ് പ്രവർത്തകൻ ചെറിയാൻ ഫിലിപ്പാണിപ്പോൾ. സി പി എം പാർട്ടി കോൺഗ്രസിന് പങ്കെടുക്കാൻ അപേക്ഷ നൽകി കാത്തിരുന്ന കോൺഗ്രസ് നേതാക്കളായ പ്രൊഫ. കെ വി തോമസും, വിശ്വപൗരൻ ശശി തരൂരും തിരിച്ചറിയാത്ത പരമസത്യമാണ് പഴയ യുവതുർക്കി ചെറിയാൻ ഫിലിപ്പ് തിരിച്ചറിഞ്ഞിരിക്കുന്നത്.

 ചെറിയാൻ ഫിലിപ്പ് 20 വർഷങ്ങൾക്ക്  മുൻപ് കോൺഗ്രസ് വിടുമ്പോൾ 18 സംസ്ഥാനങ്ങളിൽ ഭരണമുണ്ടായിരുന്നു. ഇപ്പോൾ ഉപ്പുവച്ച കലം പോലെ അലിഞ്ഞഞ്ഞലിഞ്ഞ് രണ്ടായി മാറിയിട്ടുണ്ട്. ആ സത്യവും ചെറിയാൻ ഇടക്കിടെ ഓർക്കുന്നത് നന്നായിരിക്കും.


വ്യത്യസ്തനാമീ ചെന്നിത്തലയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല…..


രമേശ് ചെന്നിത്തല സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടിട്ട് ഏതാണ്ട് ഒരു വർഷമായി. സ്ഥാനത്തുനിന്നും ഇറക്കിവിടുമ്പോൾ പ്രതിപക്ഷ നേതാവായി അഞ്ചു വർഷം അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ ചരിത്രമൊന്നും ആരും പരിഗണിച്ചില്ല. പിന്നീട് കെ പി സി സി പുനസംഘടനയിലും ചെന്നിത്തലയെന്ന മുതിർന്ന നേതാവിന്റെ അഭിപ്രായം ആരും തേടിയില്ല. മാനസികമായി ഏറെ തളർന്ന നിലയിലാണ് ചെന്നിത്തലയെങ്കിലും ചീപ്പായ ഒരു പരിപാടിക്കും അദ്ദേഹത്തെ കിട്ടില്ല.  അത് ചെന്നിത്തലയെ അറിയാവുന്നവർക്കൊക്കെ അറിയാം.

ഐ എൻ ടി യു സി ക്കാരെ വി ഡി സതീശനെതിരെ തിരിച്ചുവിട്ടത് ചെന്നിത്തലയാണെന്നൊക്കെ ശത്രുക്കൾ പ്രചരിപ്പിക്കും, എന്നാൽ അതൊന്നും ശരിയല്ല. ഐ എൻ ടി യു സി കോൺഗ്രസിന്റെ പോഷക സംഘടനയാണോ അതോ സ്വതന്ത്ര സംഘടനയാണോ എന്നതൊന്നുമല്ല ചെന്നിത്തലയുടെ പ്രശ്‌നം. ജന ഹൃദയങ്ങളിൽ സ്ഥാനമുണ്ടെങ്കിൽ പിന്നെ എന്ത് പോഷക സംഘടന എന്നാണ് ചെന്നിത്തലയുടെ ചോദ്യം. എന്തായാലും എ ഐ സി സി പുനസംഘടനയിൽ പരിഗണിക്കണമെന്നാണ് ഡൽഹിയിലെത്തിയ ചെന്നിത്തലയുടെ അഭ്യർത്ഥന. ഹിന്ദി അറിയാവുന്നവരെ പരിഗണിക്കണമെന്നാണ് ജി 23 യുടെ ആവശ്യം. ഇതു കേട്ടാണ് ചെന്നിത്തല ഡൽഹിയിലേക്ക് പറന്നത്. ഹിന്ദി അറിയാമെന്നും എന്തെങ്കലും ജോലി തരണമെന്നും ആവശ്യപ്പെട്ട് പുറത്തിറങ്ങിയ ചെന്നിത്തലയോടായി ഒരു ചോദ്യം, കേരളത്തിലെ ഐ എൻ ടി യു സി – വി ഡി സതീശൻ തർക്കത്തിന് കാരണം താങ്കളാണെന്ന് പറയപ്പെടുന്നല്ലോ എന്ന്. പാവം ചെന്നിത്തല, ജനഹൃദയത്തിൽ മാത്രം ജീവിക്കുന്ന ഒരു അധികാരവും സ്വന്തമായില്ലാത്ത താൻ എന്ത് ചെയ്യാനെന്നായി മറു ചോദ്യം. ചെറ്യൊരു പരാതി പറയാനായി എത്തിയ തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു പ്രതികരണം. താൻ അത്ര ചീപ്പല്ലെന്ന് ചെന്നിത്തല വ്യക്തമാക്കുന്നു. ചതിയിൽ വഞ്ചനയില്ല, അതൊന്നും എന്റെ രീതിയല്ല എന്നും.


സിൽവർ ലൈനിൽ ശ്രദ്ധവേണമെന്ന് ബംഗാൾ ഘടകം


പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ പദ്ധതി ചർച്ചയാവില്ലെന്നായിരുന്നു കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ പ്രതികരണം. എന്നാൽ കോൺഗ്രസിൽ പ്രധാന ചർച്ചയായത് സിൽവർ ലൈൻ പദ്ധതി തന്നെ. സിങ്കൂരും നന്ദിഗ്രാമും മറക്കരുതെന്നാണ് ബംഗാൾ ഘടകത്തിന്റെ താക്കീത്. ജനങ്ങളെ വിശ്വാസത്തിൽ എടുത്തു മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നാണ് അവരുടെ ഉപദേശം.

എല്ലാം നഷ്ടപ്പെട്ടവരുടെ വേദന അറിയണമെങ്കിൽ പശ്ചാമ ബംഗാളിലെ സി പി എ്ം നേതാക്കളോട് തന്നെ ചോദിക്കണം. അഹങ്കാരവും, ജനങ്ങളെ വെല്ലുവിളിച്ച് കോർപ്പറേറ്റ് വൽക്കരണം നടത്തിയതിന്റെ തിക്തഫലമാണ് ബംഗാളിൽ പാർട്ടിയെ വേരോടെ പിഴുതെറിയാൻ കാരണമെന്ന് അവർക്കറിയാം. ഇന്ന് ആഡംബരത്തിന്റെ മൂർദ്ധന്യതയിൽ കഴിയുന്ന കേരളത്തിലെ പാർട്ടിക്കാർക്കിത് മനസിലാവണമെന്നില്ല.


കെ എസ് ആർ ടി സിയിൽ മരണ മണി മുഴങ്ങുന്നു

കേരളത്തിന്റെ വെള്ളാനയാണ് കെ എസ് ആർ ടി സിയെന്നതിൽ ആർക്കും തർ്ക്കമുണ്ടാവില്ല. കെടുകാര്യസ്ഥതയും അഴിമതിയും അമിതമായ രാഷ്ട്രീയവൽക്കരണവും മൂലം തകർന്നുപോയ ഒരു സ്ഥാപനമാണ് കെ എസ് ആർ ടി സി. അയൽ സംസ്ഥാനങ്ങളിലെ പൊതു ഗതാഗത സംവിധാനം മികച്ച രീതിയിൽ പോവുമ്പോൾ കേരളത്തിലെ ട്രാൻസ്‌പോർട്ട് രംഗം എന്തുകൊണ്ടാണ് ഇത്രയും ദയനീയമായി തകർന്നു പോയതെന്ന് ഇനിയെങ്കിലും ജന തിരിച്ചറിയണം. കോടികളുടെ കടമാണ് കെ എസ് ആർ ടി സി ഉണ്ടാക്കിയിരിക്കുന്നത്. പൊതു ഖജനാവിൽ നിന്നും കൊണ്ടുപോയ പണം അതിലും എത്രയോ പതിന്മടങ്ങാണ്. ഇപ്പോൾ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് സ്ഥാപനം.

ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്. ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയാൽ അതിനെ ശക്തിയുക്തം എതിർക്കുകയാണ് യൂണിൻ നേതാക്കളുടെ രീതി. അങ്ങിനെ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേത്ത് യാത്ര ചെയ്തു, പാതാളത്തിലേക്ക് പതിക്കുകയാണ് ആനവണ്ടി കോർപ്പറേഷൻ.
സ്വിഫ്റ്റ് എന്ന പേരിൽ  മറ്റൊരു കമ്പനിയുണ്ടാക്കിയിരിക്കയാണ് സർക്കാർ. ഇത് കെ എസ് ആർ ടി സിയെ പൂർണമായും ഇ്ല്ലാതാക്കുമെന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത്. എന്തായാലും കെ എസ് ആർ ടി സിക്ക് ഈ രീതിയിൽ ഇനി അധികകാലം മുന്നോട്ട് പോവാനാവില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രാക്കൂലിയുള്ള കേരളത്തിലെ ബസ് സർവ്വീസ് ലാഭകരമായി കൊണ്ടു പോവാൻ കഴിയുന്നില്ലെങ്കിൽ അതിൽ എന്താണ് കുഴപ്പമെന്ന് കണ്ടെത്തുക തന്നെ വേണം. നികുതി പണം ഓടയിൽ ഒഴുക്കുന്ന പരിപാടി അവസാനിപ്പിക്കുകതന്നെ വേണം.
ജനറം പദ്ധതിയിൽ കേരളത്തിന് ലഭിച്ച ബസുകളിൽ 90 ശതമാനവും കട്ടപ്പുറത്താണ്. പലതും യാഡുകളിൽ തുരുമ്പെടുക്കുന്നു. ഇതൊക്കെ കെ എസ് ആർ ടി സിയുടെ കെടുകാര്യസ്ഥതയാണ്. ബസ് ഓടിക്കാതെ എങ്ങിനെ കോർപ്പറേഷൻ ലാഭകരമായി മാറും  ?  ഈ അവസ്ഥയ്ക്ക് ഉത്തരവാദികൾ ആരാണ്  ?
മാറി മാറി വരുന്ന സർക്കാരുകൾ എന്താണ് കെ എസ് ആർ ടി സിയുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് എന്നും പഠിക്കണം. അപ്പോൾ വ്യക്തതവരും എല്ലാറ്റിനും.


വാൽകഷണം :

പാർട്ടി കോൺഗ്രസ് വിജയിപ്പിച്ചതിന് കെ പി സി സി അധ്യക്ഷൻ കെ സുധാകരനോട് നന്ദിപറയുന്നതായി എം വി ജയരാജൻ. സുധാകരന്റെ ഊര് വിലക്കാണ് പാർട്ടി കോൺഗ്രസിന് ഇത്രയേറെ പബ്ലിസിറ്റി ലഭിക്കാൻ കാരണമെന്നും ജയരാജൻ സഖാവ്. എന്താല്ലേ, കോൺഗ്രസിന്റെ ഒരു ശക്തിയേ…

LEAVE A REPLY

Please enter your comment!
Please enter your name here