കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കറെ തോയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു.

വിവരങ്ങള്‍ രഹസ്യമായി കൈമാറാന്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിച്ചത്. റെയ്ഡില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ മിറര്‍ ഇമേജസ് അടക്കം പരിശോധിക്കണമെന്ന ആവശ്യവും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ ഉന്നത ഗൂഢാലോചന വ്യക്തമാകും. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് ആകെ 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്നാം പ്രതി പോപ്പുലര്‍ ഫ്രണ്ട് സംഘടന തന്നെയാണ്. മറ്റു 13 പേര്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ്. കേസിലെ മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവരെ ഇനി പിടികൂടാനുണ്ടെന്നും ഇവരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ പറയുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here