തിരുവനന്തപുരം: കൊടും ചൂടിൽ കേരളം ഉരുകിയൊലിക്കുന്നു. ആറു വർഷത്തിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് മലമ്പുഴയിൽ രേഖപ്പെടുത്തി. 41.9 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. 2010ലും സംസ്ഥാനത്തെ താപനില ഇതേ നിലയിലെത്തിയിരുന്നു. വായുസഞ്ചാരത്തിന്റെ കുറവും മേഘാവൃതമായ ആകാശവുമാണ് ചൂട് ഉയരാന്‍ കാരണമെന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.

കേരളത്തിലെ പല നഗരങ്ങളിലും ഇത്തവണ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ കൂടിയ ചൂടാണ്. കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയിരുന്ന വേനൽമഴ ഇത്തവണ കുറഞ്ഞതും താപനില വ‌ർദ്ധിക്കുന്നതിന് കാരണമായി. സംസ്ഥാനത്ത് വേനൽ മഴ 56 ശതമാനം കുറഞ്ഞതായി കാലാവസ്ഥ വിദഗ്‌ദ്ധർ പറയുന്നു. ഈ കാലയളവിൽ 118 മില്ലീമീറ്റർ മഴകിട്ടേണ്ടതാണ്. പക്ഷേ, ആകെ പെയ്‌തത് 52 മില്ലീമീറ്റർ മാത്രം. മഴയുടെ കുറവ് ഏറ്റവും രൂക്ഷമായത് വടക്കൻ ജില്ലകളിലാണ്. കാസർകോട് 99 ശതമാനവും കണ്ണൂരിൽ 96 ശതമാനവും മഴയുടെ കുറവ് രേഖപ്പെടുത്തി. മലപ്പുറത്തും പാലക്കാടും 92 ശതമാനം വീതവും മഴകുറഞ്ഞു. അടുത്ത രണ്ടാഴ്ച്ച വീണ്ടും ചൂട് വർദ്ധിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മേയ് മാസത്തിലും ഇതേ അവസ്ഥ തുടരുമെന്നാണ് വിദഗ്‌ദ്ധർനൽകുന്ന സൂചന.

അതേ സമയം വേനൽ കടുത്തതോടെ സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമായി. നദികളിൽ വെള്ളമില്ലാതായതോടെ വളർത്തു മൃഗങ്ങൾ അടക്കം ചത്തു വീഴുകയാണ്. കടുത്ത വേനലിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ ഇടയുള്ളതിനാൽ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here